കൊട്ടാരക്കര: വെള്ളറടയിലെ റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 500 കിലോയിലധികം റബർ ഷീറ്റും 7000രൂപയും മോഷ്ടിച്ച യുവാവ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി. നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ പ്രബിൻ (29) ആണ് പിടിയിലായത്. സംസ്ഥാനത്തുടനീളം വാഹനം മോഷ്ടിച്ച ശേഷം അവയിൽ കറങ്ങി നടന്ന് മറ്റ് മോഷണങ്ങൾ നടത്തിവരികയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 12ഓടെ ഇഞ്ചക്കാട് പ്ലേ ആൻഡ് പാർക്ക് സ്ഥാപനത്തിൽ സൂക്ഷിച്ച കാർ മോഷണം പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. മോഷ്ടിച്ച കാറുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോയ പ്രതി കടയ്ക്കലിൽ ഒരു വർക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ട ഇന്നോവയുടെ നമ്പർ പ്ലേറ്റ് ഇളക്കിയെടുത്ത് ആ കാറിൽ സ്ഥാപിച്ചാണ് യാത്ര ചെയ്തത്.
ഈ വാഹനത്തിലാണ് വെള്ളറടയിലെത്തി റബർ ഷീറ്റും പണവും കവർന്നത്. റബർ ഷീറ്റ് വിറ്റ ശേഷം അന്ന് രാത്രി കാറിൽ തങ്ങി. പിറ്റേദിവസം പത്തനംതിട്ട ജില്ലയിലെ പെരുനാട് റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലധികം ഷീറ്റ് മോഷ്ടിച്ച് പൊൻകുന്നത്ത് വിൽപന നടത്തി.
കിട്ടിയ പണവുമായി കോഴിക്കോട്ടുളള സ്നേഹിതയുടെ അടുത്തേക്ക് പോകും വഴി പാലാക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഈ വാഹനത്തിൽ ഉണ്ടായിരുന്നത് പൊലീസ് ആണെന്ന സംശയത്താൽ സ്ഥലത്ത് നിന്ന് വാഹനവുമായി പ്രതി രക്ഷപ്പെട്ടു. സമീപ സ്ഥലത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ വാഹനം പാർക്ക് ചെയ്ത ശേഷം കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തേക്ക് പോയി.
തിരുവനന്തപുരത്ത് നിന്ന് ബൈക്കിൽ കോഴിക്കോട്ടേക്ക് പോകും വഴി കഴിഞ്ഞ ദിവസം രാവിലെ 11ഓടെ കൊട്ടാരക്കര പൊലീസിന്റെ വലയിൽ പെടുകയായിരുന്നു. ചോദ്യം ചെയ്യലിൽ കേരളത്തിലുടനീളം നടത്തിയ മോഷണ പരമ്പരകളുടെ ചുരുളഴിഞ്ഞതായി പൊലീസ് പറയുന്നു.
2023 ൽ കല്ലമ്പലം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഇന്നോവ കാർ മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതി ഈ വർഷം ജൂലൈയിൽ ആണ് ജയിലിൽ നിന്ന് ഇറങ്ങിയത്.
ആഗസ്റ്റ് മാസം നെടുമങ്ങാട് നിന്ന് സ്കോർപ്പിയോ കാർ മോഷ്ടിച്ച് കുറച്ച് ദിവസം കറങ്ങിനടന്നു. പാലക്കാട് കുഴൽമന്ദം എന്ന സ്ഥലത്ത് ഫൈനാൻസ് സ്ഥാപനത്തിൽ മോഷണം നടത്തി. കുഴൽമന്ദം തേൻകുറിശ്ശി എന്ന സ്ഥലത്ത് പെയിന്റ് കടയിൽ മോഷണം നടത്തിയ ശേഷം സ്കോർപ്പിയോ കാർ ഉപേക്ഷിച്ചു.
സെപ്റ്റംബറിൽ ആലത്തൂരിലെ യൂസ്ഡ് കാർ ഷോറൂമിൽ നിന്ന് കാർ മോഷ്ടിച്ചതായും പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കാസർഗോഡ് യൂസ്ഡ് കാർ ഷോറൂമിൽ നിന്നും സ്വിഫ്റ്റ് കാറും മോഷ്ടിച്ചു. കഴിഞ്ഞ മാസം ഷൊർണൂർ ഭാഗത്തുളള ഷോറൂമിൽ നിന്നും പിക്കപ്പ് വാഹനം മോഷ്ടിച്ചതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
മോഷണം നടത്തുന്ന സ്ഥലങ്ങളിൽ നിന്നും സമീപത്തുളള സി.സി ടി.വി കാമറകളും ഹാർഡ് ഡിസ്കും മോഷണം ചെയ്ത് സമീപത്തെ പുഴകളിലും മറ്റും കളയുന്നത് പതിവായിരുന്നു. തെളിവ് നശിപ്പിക്കുന്നതിന് ശ്രദ്ധിച്ചിരുന്ന പ്രതി മോഷ്ടിച്ച വാഹനങ്ങളുമായി പെട്രോൾ പമ്പുകളിൽ കയറാറില്ല.
രാത്രി കാലങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും ഇന്ധനം മോഷ്ടിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങളിൽ കൂടുതൽ സമയവും ചെലവഴിക്കുന്ന പ്രതി വീട്ടിൽ തങ്ങാറില്ല. പകൽ സമയം വാഹനത്തിൽ കറങ്ങി മോഷണ സ്ഥലങ്ങൾ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് പതിവ്.
ഇഞ്ചക്കാട് വാഹനം മോഷണം പോയ പരാതി ലഭിച്ച ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘത്ത നിയോഗിച്ച് മൂന്ന് ജില്ലകളിലെ നിരവധി സി.സി ടി.വി ദൃശ്യങ്ങളും സംശയിക്കപ്പെട്ട നിരവധി പേരുടെ ഫോൺകോളുകളും പരിശോധിച്ച കൊട്ടാരക്കര പൊലീസ് പ്രതിയെ രണ്ട് ദിവസത്തിനുളളിൽ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.