റോഡ് അടച്ച് സി.പി.എം ഏരിയ സമ്മേളനം: കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈകോടതി; ‘വഞ്ചിയൂർ സി.ഐ വിശദീകരണം നൽകണം’

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ ഗതാഗതം തടസപ്പെടുത്തി സി.പി.എം ഏരിയ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതിയലക്ഷ്യ നടപടിയാണ് സ്വീകരിക്കേണ്ടത്. വഞ്ചിയൂരിൽ റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോ എന്നും ഹൈകോടതി ചോദിച്ചു. വഞ്ചിയൂർ സി.ഐ നേരിട്ട് ഹാജരായി വിശദീകരിക്കണം. വഴിയടച്ചുള്ള പൊതുയോഗങ്ങളിൽ സ്വീകരിച്ച നടപടികൾ സംസ്ഥാന സർക്കാരും അറിയിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു.

തിരുവനന്തപുരം വഞ്ചിയൂരിൽ ഗതാഗതം തടസപ്പെടുത്തി സി.പി.എം ഏരിയ സമ്മേളനം നടത്തിയ കേസിൽ ഹൈകോടതിയിൽ കോടതിയലക്ഷ്യ ഹരജി സമർപ്പിച്ചിരുന്നു. പൊതുഗതാഗതം തടസപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയുള്ള കോടതി ഉത്തരവ് ലംഘിച്ചെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ എന്നിവരാണ് എതിർകക്ഷികൾ. പാളയം ഏരിയ സമ്മേളനത്തിന് റോഡ് ഗതാഗതം തടസപ്പെടുത്തി സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.

വഞ്ചിയൂർ കോടതി പരിസരത്ത് നിന്ന് പൊലീസ് സ്റ്റേഷൻ വരെ നീളുന്ന റോഡിന്റെ ഒരുവശം അടച്ചുകെട്ടിയാണ് സി.പി.എം പാളയം ഏരിയ സമ്മേളനത്തിന് പൊതുസമ്മേളന വേദി നിർമിച്ചത്. രണ്ട് വരി ഗതാഗതം അതോടെ ഒരുവരിയിലേക്ക് ചുരുങ്ങി. റോഡരികിലെ പാർക്കിങ് കൂടിയായപ്പോൾ വലിയ രീതിയിലുള്ള ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

Tags:    
News Summary - Vanchiyoor CPM Area Conference: Contempt of Court action should be taken -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.