തിരുവനന്തപുരം: സി.പി.എം പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഏരിയ സെക്രട്ടറി വഞ്ചിയൂർ പി. ബാബു ഉൾപ്പെടെ 38 ഓളം പേർക്കെതിരെ കേസെടുത്തു. 20 ഏരിയ കമ്മിറ്റി അംഗങ്ങളെയും പ്രതികളാക്കി.
വേദി കെട്ടാൻ കരാറെടുത്തവർ, മൈക്ക് ഓപറേറ്റർമാർ എന്നിവർക്കെതിരെയും കേസെടുത്തു. പൊതുസമ്മേളനത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച് തിരിച്ചറിയുന്നവരുടെ പേരുകളും ഉൾപ്പെടുത്തും. പൊതുഗതാഗതം തടസപ്പെടുത്തിയതിനെതിരെ ഹൈകോടതി ഇടപെട്ടതോടൊണ് പൊലീസ് നടപടികൾ ശക്തമാക്കിയത്.
ഡിസംബർ അഞ്ചിനായിരുന്നു പൊതുസമ്മേളനം നടത്താൻ വഞ്ചിയൂർ ജങ്ഷൻ മുതൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ മുൻവശംവരെയുള്ള ഒരു വശത്തെ റോഡ് പൂർണമായി അടച്ച് സി.പി.എം സ്റ്റേജ് നിർമിച്ചത്. രാവിലെ മുതൽ രാത്രി സ്റ്റേജ് പൊളിച്ചുമാറ്റുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
സംഭവദിവസം രാത്രിയോടെയാണ് കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെ കേസെടുക്കാൻ വഞ്ചിയൂർ പൊലീസ് തയാറായത്. പ്രകടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തിയതിനായിരുന്നു കേസ്. റോഡ് കൈയേറി സ്റ്റേജ് നിർമിച്ചതുസംബന്ധിച്ച് എഫ്.ഐ.ആറിൽ പരാമർശമുണ്ടായിരുന്നില്ല.
സിപിഎം ഏരിയ സമ്മേളനത്തിനായി വഞ്ചിയൂരില്‍ റോഡ് കൈയേറി സ്റ്റേജ് കെട്ടിയ സംഭവത്തില്‍ പിശക് സംഭവിച്ചെന്ന് സമ്മതിച്ച് ജില്ല സെക്രട്ടറി വി. ജോയി. പ്രത്യേക സാഹചര്യത്തിലാണ് അത്തരത്തില്‍ വേദി കെട്ടേണ്ടിവന്നത്. അത് വേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.