കൊട്ടിയം: മുന്നറിയിപ്പില്ലാതെ കോർപറേഷൻ അധികൃതർ കടകളിൽ കയറി റെയ്ഡ് നടത്തിയത് കൂട്ടിക്കടയിൽ സംഘർഷാവസ്ഥക്ക് കാരണമാക്കി. കോർപറേഷൻ ഉദ്യോഗസ്ഥരെത്തിയ വാഹനം സംഘടിച്ചെത്തിയ വ്യാപാരികൾ തടഞ്ഞിട്ടു. ഒടുവിൽ കൊല്ലത്തുനിന്ന് പൊലീസ് അസി. കമീഷണർ എത്തിയാണ് വാഹനം മോചിപ്പിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കോർപറേഷന്റെ ഇരവിപുരം സോണൽ ഓഫിസിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിലുള്ള സംഘം കൂട്ടിക്കടയിലുള്ള കടകളിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടുന്നതിനുവേണ്ടിയാണ് റെയ്ഡ് നടത്തിയത്. മൂന്ന് കടകളിൽ നിന്നായി കുറച്ച് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടിയതോടെ വ്യാപാരികളോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടിക്കട ജങ്ഷനിൽ ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞിട്ടത്. വിവരമറിഞ്ഞ് കൺട്രോൾ റൂം പൊലീസും ഇരവിപുരം സി.ഐയുടെ ചുമതലയുള്ള കൺട്രോൾ റൂം സി.ഐ ജോസും ഇരവിപുരം പൊലീസും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയിട്ടും ഫലം കണ്ടില്ല. ഇതോടെ കൊല്ലം എ.സി.പി അഭിലാഷ് സ്ഥലത്തെത്തി വ്യാപാരി പ്രതിനിധികളുമായി ചർച്ച നടത്തിയാണ് തടഞ്ഞിട്ട വാഹനവും ജീവനക്കാരെയും പ്രതിഷേധക്കാരിൽനിന്ന് മോചിപ്പിച്ചത്. എച്ച്.ഐ സാജൻ, ജെ.എച്ച്.ഐമാരായ അഖില, സിയാദ്, ശാലിനി എന്നിവരെയാണ് വാഹനത്തിൽ ഒന്നര മണിക്കൂറോളം തടഞ്ഞുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.