തിരുവനന്തപുരം: വർഷങ്ങളായി മുടങ്ങിക്കിടന്ന റോഡ് പണി പല കരാറുകാർക്കായി വിഭജിച്ച് നൽകി പുനരാംഭിച്ചതോടെ തലസ്ഥാന നഗരിയിൽ ജനം അക്ഷരാർഥത്തിൽ പെരുവഴിയിലായി. സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള റോഡ് പണിയാണ് ജനത്തെ വലച്ചത്. ഒരേ സമയത്ത് നിരവധി റോഡുകളിൽ നടക്കുന്ന റോഡ് പണി വിദ്യാർഥിളെയും ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും ഒരുപോലെ വലയ്ക്കുകയാണ്.
മിക്ക ഇടങ്ങളിലും ഗതാഗത ക്രമീകരണങ്ങളോ മുന്നറിയിപ്പോ ഇല്ലാതെയാണ് റോഡ് വെട്ടിപ്പൊളിക്കുന്നത്. രാവിലെ മുതൽ രാത്രി വരേയും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. രാവിലെ വഴിതിരിച്ചു വിട്ട വഴി വൈകുന്നേരമായപ്പോൾ അടച്ചിട്ട സ്ഥിതിയും പലയിടത്തുണ്ട്.
കൂട്ടത്തോടെ വെട്ടിപ്പൊളിച്ചും കുത്തിക്കീറിയുമാണ് തലസ്ഥാന നഗരത്തിലെ പ്രധാന റോഡുകൾ. മുന്നറിയിപ്പില്ലാതെയും ബദൽ യാത്രാക്രമീകരണം ഒരുക്കാതെയും റോഡ് വെട്ടിക്കീറിയതോടെ അക്ഷരാഥത്തിൽ ജനം നട്ടംതിരിയുകയാണ്. തിരക്കുള്ള മണിക്കൂറുകളിലാണെങ്കിൽ അവസ്ഥ പരിതാപകരവും.
കാൽ നടക്കാർക്ക് പോലും നഗരത്തിലൂടെ നടന്നു നീങ്ങുന്നത് പെടാപ്പാടായി മാറി. പലയിടത്തും റോഡ് നിർമാണത്തോടനുബന്ധിച്ചുള്ള ഓടകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. കൊച്ചുകുട്ടികളെ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീഴാനുള്ള സാധ്യത ഏറെയുണ്ട്.
തലസ്ഥാന നഗരവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജനറൽ ആശുപത്രികയിലേക്കുള്ള പ്രധാനപ്പെട്ട റോഡുകൾ അടച്ചിട്ടിട്ട് മാസങ്ങളായി. അതിരൂക്ഷമായ പൊടിശല്യം കാരണം റോഡിനടുത്ത് താമസിക്കുന്നവർ പൊറുതിമുട്ടിയിരിക്കുകയാണ്. പകുതിയിലധികം പണിയും ബാക്കിയാണ്. 705 മീറ്റർ മാത്രം നീളമുള്ള റോഡിൽ പലയിടത്തും കുഴികൾ.
ഇരു വശത്തും നടക്കാൻ പോലും കഴിയാത്ത തരത്തിൽ കുത്തിക്കീറി. ഇടയ്ക്കിടയ്ക്ക് പൊട്ടുന്ന കുടിവെള്ള പൈപ്പുകളുണ്ടാക്കുന്ന ദുരിതം വേറെ. ജനറൽ ആശുപത്രി, വഞ്ചിയൂർ കോടതി, ഹോളി എയ്ഞ്ചൽസ് സ്കൂൾ, അനവധി കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഒരുപാട് പേരുടെ വഴിയടച്ചു സ്മാർട്ട് സിറ്റി പദ്ധതി. ഈ റോഡ് സ്മാർട്ട് ആക്കാൻ മുടക്കുന്നത് 11.97 കോടി രൂപ. ഒരു വർഷം മുമ്പ് തുടങ്ങിയതാണ് പണികൾ. മാർച്ചിൽ റോഡുകൾ ഗതാഗതയോഗ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.