ശംഖുംമുഖം: കടല്‍ മാർഗം വ്യാജ സ്പിരിറ്റും ലഹരി പദാർഥങ്ങളും തലസ്ഥാനതീരത്തേക്ക് ഒഴുകുന്നെന്ന് ആക്ഷേപം. തമിഴ്നാട്ടില്‍നിന്ന് മത്സ്യബന്ധന യാനങ്ങള്‍ വഴിയാണ് ഇവ എത്തുന്നത്. കടലിലും തീരങ്ങളിലും പൊലീസ് പരിശോധ കാര്യമായി നടക്കാത്തത് മുതലാക്കിയാണ് കടത്ത്.
അതിർത്തി ചെക്പോസ്റ്റുകളില്‍ പരിശോധന കനക്കുകയും വാഹനങ്ങള്‍ കര്‍ശന നീരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്തതോടെയാണ് സ്പിരിറ്റ് ലോബികള്‍ കടല്‍മാർഗം തെരഞ്ഞെടുത്തത്. മുമ്പ് കടല്‍മാർഗം സ്പിരിറ്റ് കടത്തുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് പൊലീസും എക്സൈസും കടലില്‍ സംയുക്ത പരിശോധനകള്‍ നടത്തിയിരുന്നു. പരിശോധനകള്‍ നിലച്ചതോടെയാണ് കന്നാസുകളില്‍ നിറച്ച സ്പിരിറ്റ് വള്ളങ്ങളിലെ അറകളിലാക്കി കടത്തുന്നത്.
കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് സൂക്ഷിക്കാന്‍ തീരങ്ങള്‍ക്ക് സമീപം രഹസ്യ ഗോഡൗണ്കള് വരെയുണ്ടെന്ന് പറയപ്പെടുന്നു. തീരത്ത് എത്തുന്ന സ്പിരിറ്റ് രഹസ്യ വഴികളിലൂടെ മത്സ്യമെടുക്കാനെന്ന വ്യാജേന എത്തുന്ന വാഹനങ്ങളിലാണ് പുറത്തേക്ക് കടത്തുന്നത്.മത്സ്യവാഹനങ്ങളില്‍ കാര്യമായ പൊലീസ് പരിശോധകളില്ലാത്തത് മുതലാക്കിയാണ് സ്പിരിറ്റ് കടത്തുന്നത്.
തമിഴ്നാട്ടില്‍ കുറഞ്ഞ വിലക്ക് വില്‍ക്കുന്ന പുകയില ഉല്പന്നങ്ങള് തലസ്ഥാനത്ത് എത്തിച്ചാല്‍ നാലിരിട്ടി വില കിട്ടുമെന്ന് അറിയാവുന്ന സംഘങ്ങള്‍ കടലില്‍ പോകുന്ന ചിലരെ വിലക്കെടുത്ത് ജില്ലയുടെ തീരങ്ങളില്‍ എത്തിക്കുന്നതായും വിവരമുണ്ട്. വ്യാജ സിഗരറ്റുകളും കടല്‍മാർഗം തീരത്തെത്തുന്നു.
ശ്രീലങ്കയിലെ പാടങ്ങളില്‍നിന്ന് പുറംതള്ളുന്ന നിലവാരം കുറഞ്ഞ പുകയില ഉപയോഗിച്ച് നിർമിക്കുന്ന സിഗരറ്റ് ശ്രീലങ്കയില്‍ നിന്നും കടല്‍മാർഗം രമേശ്വരത്തും അവിടെനിന്ന് ജില്ലയുടെ തീരങ്ങളിലും എത്തിക്കുകയാണത്രെ. കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ച ബീഡി-സിഗാര്‍ നിയമത്തിലെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി നിർമിച്ച സിഗരറ്റുകളാണ് കടല്‍ വഴി എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.