തിരുവനന്തപുരം: കേരളത്തിലെ യുവതലമുറയിൽ സാമൂഹികപ്രതിബദ്ധത ഒട്ടും കുറഞ്ഞിട്ടില്ലെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി അത് സമൂഹത്തിന്റെയാകെ പ്രതിഫലനമായി വരുത്തിത്തീർക്കാൻ ശ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജന കമീഷൻ ‘യുവജന ശാക്തീകരണം-സാധ്യതകളും വെല്ലുവിളികളും’ വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവതലമുറ പലകാര്യങ്ങളിലും പിന്നിലാണെന്ന പ്രതികരണങ്ങൾ ചില കോണുകളിൽനിന്ന് ഉണ്ടാകുന്നുണ്ട്. വിശദമായി പരിശോധിച്ചാൽ അവയെല്ലാം വസ്തുതയില്ലാത്തതാണെന്ന് വ്യക്തമാകും. 2018ലെ പ്രളയകാലത്തും തുടർന്നുണ്ടായ മഹാമാരിക്കാലത്തും കേരള സമൂഹത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും യുവജനങ്ങൾ വഹിച്ച പങ്ക് മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷതവഹിച്ചു. വി. ജോയി എം.എൽ.എ, സംസ്ഥാന യുവജന കമീഷൻ ചെയർമാൻ എം. ഷാജർ, യൂത്ത് വെൽഫെയർ ബോർഡ് അംഗം വി.കെ. സനോജ് തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.