തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്ന വിദ്യാർഥികൾക്ക് തങ്ങളുടെ താമസസൗകര്യങ്ങളറിയാൻ ഒരു ബാർ കോഡ് സ്കാൻ ചെയ്താൽ മതി. അക്കോമഡേഷൻ ചാർട്ടും ലൊക്കേഷനും ബന്ധപ്പെടേണ്ട നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുന്ന രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ സ്കൂളുകളിൽ തന്നെയാണ് താമസസൗകര്യം ഒരുക്കുന്നത്.
സുരക്ഷിതമായ താമസസൗകര്യത്തിനായി 25 കേന്ദ്രങ്ങളും പത്ത് റിസർവ് കേന്ദ്രങ്ങളുമുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘാടകസമിതി കൺവീനർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് വിശദാംശങ്ങളായത്. കലോത്സവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
ജനുവരി നാലുമുതൽ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയുടെ ഉദ്ഘാടനം നാലിന് രാവിലെ 10ന് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒമ്പതര മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരം വേദിയിൽ അവതരിപ്പിക്കും.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വയനാട്, വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾ നൃത്ത ശിൽപമൊരുക്കും. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും കലോത്സവത്തിന്റെ പോസ്റ്ററുകൾ, ബാനർ എന്നിവ പ്രദർശിപ്പിക്കണമെന്നും ശിക്ഷക്സദനിൽ നടന്ന യോഗത്തിൽ മന്ത്രി നിർദേശിച്ചു.
സ്വർണ കപ്പ് കാസർകോട് നിന്നും പുറപ്പെട്ട് തിരുവനന്തപുരം നഗരാതിർത്തിയിൽ പ്രവേശിക്കുമ്പോൾ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ സ്വീകരണം ഒരുക്കും. ഡിസംബർ 30, 31 തീയതികളിൽ സ്കൂൾതലത്തിൽ കലോത്സവത്തിന് വേണ്ട ഭക്ഷ്യവസ്തുക്കൾ ശേഖരിക്കും. ജനുവരി ഒന്നിന് ബി.ആർ.സിയിലേക്ക് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കൾ ജനുവരി രണ്ടിന് പുത്തരിക്കണ്ടത്ത് നടക്കുന്ന ചടങ്ങിൽ സംഘാടകസമിതി ചെയർമാനായ മന്ത്രി ജി.ആർ. അനിൽ ഏറ്റുവാങ്ങും. ജനുവരി മൂന്നിന് രാവിലെ 10.30ന് ഊട്ടുപുരയുടെ പാലുകാച്ചൽ മന്ത്രി ശിവൻകുട്ടി പുത്തരിക്കണ്ടത്ത് നിർവഹിക്കും. അന്ന് വൈകീട്ട് മുതൽ ഭക്ഷണം വിതരണം ചെയ്ത് തുടങ്ങും.
നഗരപരിധിയിലെ മുഴുവൻ സ്കൂളുകളുടെയും ബസുകൾ കലോത്സവത്തിനായി എറ്റെടുത്തിട്ടുണ്ട്. കലോത്സവം നടക്കുന്ന 25 വേദികളിലും എൻ.സി.സി, എസ്.പി.സി കാഡറ്റുകളെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ വളന്റിയർമാരായി നിയോഗിക്കും. എല്ലാ വേദികളിലും ശുദ്ധീകരിച്ച കുടിവെള്ളം വിതരണം, ഓരോ ദിവസവുമുള്ള മാലിന്യനിർമാർജനം എന്നിവക്കും ക്രമീകരണമായി. വേദികളിലും താമസസ്ഥലത്തും ആംബുലൻസ് സംവിധാനം ഉറപ്പാക്കും. ഫയർ ആൻഡ് റെസ്ക്യൂ സേവനവുമുണ്ടാവും.
ഗ്രീൻ റൂമിൽ ഫോട്ടോ ഷൂട്ട് അനുവദിക്കില്ല. പകരം സംവിധാനം പുറത്ത് ഒരുക്കും. മത്സരയിനത്തിൽ പേര് വിളിക്കുന്ന സമയത്ത് ഹാജരായില്ലെങ്കിൽ പിന്നീട് അവസരം നൽകില്ല. കൃത്യസമയത്ത് തന്നെ മത്സരം തീർക്കുന്ന തരത്തിലാണ് ഇത്തവണ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രിയും സ്വാഗതസംഘം ചെയർമാനുമായ ജി.ആർ. അനിൽ, എം.എൽ.എമാരും വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരുമായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, ഐ.ബി. സതീഷ്, ഒ.എസ്. അംബിക, എം. വിൻസെന്റ്, വി.കെ. പ്രശാന്ത് തുടങ്ങിയവരും പങ്കെടുത്തു.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടർച്ചയായി 20-ാം വർഷവും അന്നമൂട്ടുന്നത് പഴയിടം മോഹനൻ നമ്പൂതിരി. വിവാദങ്ങൾക്കെല്ലാം വിടനൽകി സമൃദ്ധമായ സദ്യ തന്നെ കുട്ടികൾക്ക് മുന്നിലെത്തും. 2006ലാണ് അദ്ദേഹം സംസ്ഥാന സ്കൂള് കലോത്സവത്തിന്റെ ഭാഗമാകുന്നത്. ശനിയാഴ്ച ചേര്ന്ന ഭക്ഷണ കമ്മിറ്റിയോടെയാണ് കലവറയുടെ ചുമതല വീണ്ടും പഴയിടത്തെ തേടിയെത്തിയത്.
മൂന്ന് ഒഴിച്ചുകറിയും അഞ്ച് തൊടുകറിയും കൂട്ടി വാഴയിലയിൽ ഉഗ്രൻ സദ്യയും ഒപ്പം മധുരമൂറും പായസവുമാണ് ഉച്ചഭക്ഷണത്തിനായി നിശ്ചയിച്ചിട്ടുള്ളത്. പ്രഭാത ഭക്ഷണത്തിന് ഉപ്പുമാവോ ഇഡലിയോ പുട്ടോ ദോശയോ ആയിരിക്കും. അത്താഴത്തിന് ചോറും കറികളും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കലവറയിലെ മെനു ആണിത്. പുത്തരിക്കണ്ടം മൈതാനത്ത് ‘നെയ്യാർ’ എന്ന് പേരിട്ടിരിക്കുന്ന വേദിയിലാണ് ഇക്കുറി ഭക്ഷണശാല.
ജനുവരി മൂന്നിന് വൈകീട്ടോടെ സജീവമാകുന്ന ഭക്ഷണപ്പുരയിൽ 200 പേർക്ക് ഇരിക്കാവുന്ന 20 നിരയായി ഒരേസമയം നാലായിരം പേർക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഉയരുന്നത്. സാമ്പാർ, അവിയൽ, പപ്പടം, തോരൻ തുടങ്ങി ഓരോ നിരയ്ക്കും സദ്യവട്ടങ്ങളുടെ പേരായിരിക്കും. ഭക്ഷണശാലക്ക് സമീപം ഡിജിറ്റൽ വാളിൽ പാചകപ്പുരയുടെയും ഭക്ഷണശാലയുടെയും ലൈവ് വിഡിയോയും കാണാനാകും.
ഭക്ഷണത്തിനായി തിക്കണ്ട, തിരക്കണ്ട, ക്യൂ നിൽക്കണ്ട. ഭക്ഷണശാലക്ക് തൊട്ടടുത്തായി വിശാലമായ പന്തലുണ്ടാകും. ആയിരം പേർക്ക് ഇരിക്കാനുള്ള സൗകര്യമുള്ള പന്തലിൽ ഭക്ഷണത്തിനെത്തുന്നവർക്ക് തങ്ങളുടെ ഊഴമെത്തുന്നതുവരെ വിശ്രമിക്കാം. ആസ്വാദനത്തിനായി കലാപരിപാടികളും സാംസ്കാരിക പരിപാടികളും ഉണ്ടാകും.
ഭക്ഷണ മാലിന്യങ്ങൾ അതത്ദിവസം തന്നെ സംസ്കരിക്കുന്നതിന് തിരുവനന്തപുരം കോർപറേഷനുമായി ചേർന്ന് പ്രത്യേകസംവിധാനം ഒരുക്കുന്നതും ആലോചിക്കുന്നുണ്ട്. മാലിന്യം അന്നുതന്നെ സംസ്കരിച്ച് ബയോകമ്പോസ്റ്റ് ആക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഭക്ഷണശാലയിൽ ഉപയോഗിക്കുന്ന വെള്ളം ശുചീകരിച്ച് പുനരുപയോഗിക്കുന്നതിനുള്ള സാധ്യതയും ഇതിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനാണ് (കെ.എസ്.ടി.എ) ഭക്ഷണ കമ്മിറ്റിയുടെ ചുമതല. തദ്ദേശസ്ഥാപന പ്രതിനിധികൾ ചെയർമാനും അധ്യാപകർ കൺവീനർമാരുമായി ഗ്രീൻ പ്രോട്ടോകോൾ, ഭക്ഷണവിതരണം, വളന്റിയർ എന്നിങ്ങനെ 13 ഉപ കമ്മിറ്റികളും പ്രവർത്തിക്കും. കലോത്സവത്തിനെത്തുന്ന എല്ലാവർക്കും സുഗമമായും സംതൃപ്തിയോടെയും ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് ഭക്ഷണ കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും കൺവീനർ എ. നജീബും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.