തിരുവനന്തപുരം: ഭക്ഷ്യക്കിറ്റിനായി ഉപയോഗിക്കുന്ന തുണിസഞ്ചി ഇടപാടിലെ ക്രമക്കേട് കണ്ടെത്താൻ ബംഗളൂരു ആസ്ഥാനമായ കരാർ കമ്പനിയെ കേന്ദ്രീകരിച്ച് സപ്ലൈകോയുടെ വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.
ഒരുകോടി സഞ്ചി നൽകാമെന്ന് ഏറ്റശേഷം കമ്പനി പിന്മാറിയതിൽ ദുരൂഹതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഒക്ടോബറിൽ തുണിസഞ്ചി വിതരണം ചെയ്യാൻ ബംഗളൂരു ആസ്ഥാനമായ ഫാഷൻ ഫോർ സർവിസസിനെയാണ് സപ്ലൈകോ ഇ-ടെൻഡർ മുഖേന തെരഞ്ഞെടുത്തത്. 56 ഡിപ്പോകളിലായി ഒരു കോടി തുണിസഞ്ചികൾ വിതരണം ചെയ്യാമെന്നായിരുന്നു കരാർ.
എന്നാൽ, കരാർ ഏറ്റെടുത്ത ഫാഷൻ ഫോർ സർവിസസ് സഞ്ചി വിതരണം ചെയ്യാതെ പിന്മാറുകയായിരുന്നു. ഇതോടെ ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിക്ക് നൽകാതെ കുടുംബശ്രീയെ സപ്ലൈകോ ഏൽപിക്കുകയായിരുന്നു. ഇതിനെതിരെ ടെൻഡറിൽ രണ്ടാംസ്ഥാനത്തെത്തിയ വയനാട് കമ്പനി പരാതിയുമായി രംഗത്തെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പരാതി ഒതുക്കിത്തീർക്കാൻ വയനാട് കമ്പനിക്ക് ഒരു ജില്ലയിലെ വിതരണ ഓഡർ നൽകിയെങ്കിലും കമ്പനി നിരസിച്ചു. തുണി സഞ്ചി തയാറാക്കാൻ നൽകിയ കുടുംബശ്രീയുടെ ചില യൂനിറ്റുകളാകട്ടെ തമിഴ്നാട്ടിൽനിന്ന് മൂന്ന് മുതൽ അഞ്ച് രൂപ വരെ നൽകി സഞ്ചികൾ ഇറക്കുമതി ചെയ്ത് 13 രൂപക്കാണ് സപ്ലൈകോക്ക് നൽകിയത്. സഞ്ചിയുടെ കുറവുമൂലം ഒക്ടോബറിലെ ഭക്ഷ്യക്കിറ്റുകളിൽ പകുതിപോലും വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. സഞ്ചിയുടെ അപര്യാപ്തത പരിഹരിക്കാൻ മുമ്പ് നൽകിയ കിറ്റിെൻറ സഞ്ചി ഉപഭോക്താക്കളിൽനിന്ന് ശേഖരിക്കാനും സപ്ലൈകോ പദ്ധതിയിടുന്നുണ്ട്. സഞ്ചി ഒന്നിന് അഞ്ച് രൂപ നൽകും. ഈ തുക വാങ്ങുന്ന സാധനത്തിെൻറ ബില്ലിൽ കുറവ് ചെയ്യും. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.