പോത്തൻകോട്: കളിക്കുന്നതിനിടയിൽ മൂന്നാം ക്ലാസുകാരിക്ക് മൂക്കിന് ഗുരുതര പരിക്കേറ്റിട്ടും അധ്യാപകർ ഗൗരവമായി എടുത്തില്ല. പോത്തൻകോട് മേലേമുക്ക് കാരൂർകോണം വൃന്ദ ഭവനിൽ സജു വിജിമോൾ ദമ്പതികളുടെ മകൾ ദേവവൃന്ദക്കാണ് പരിക്കേറ്റത്. പോത്തൻകോട് ഗവ. യു.പി സ്കൂളിൽ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.
കുട്ടികൾ ഓടിക്കളിക്കുന്നതിനിടയിൽ മറ്റൊരു കുട്ടിയുടെ തല ദേവവൃന്ദയുടെ മൂക്കിൽ ഇടിച്ച് അബോധാവസ്ഥയിൽ കുട്ടി താഴെ വീണു. വിവരമറിഞ്ഞ് അധ്യാപകരെത്തി കുട്ടിയെ ക്ലാസ് മുറിയിലേക്ക് മാറ്റി. മൂക്കിൽനിന്നും രക്തം ഒഴുകുന്നതിനാൽ പഞ്ഞികൊണ്ട് മുഖം തുടച്ചു.
കുട്ടി ഉണർന്നപ്പോൾ രക്ഷാകർത്താക്കളെ കാണണമെന്ന് പറഞ്ഞെങ്കിലും അധ്യാപകർ ചെവിക്കൊണ്ടില്ല. ആരെയും അറിയിച്ചതുമില്ല. നാലു മണിക്കൂറിനു ശേഷം സ്കൂൾ ബസിൽ കയറ്റി വിട്ടു.
വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മൂക്കിൽനിന്നും രക്തം വരുന്നത് കണ്ട് മാതാപിതാക്കൾ ഭയന്നു. ഉടനെ വട്ടപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എസ്.എ.ടിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. അവിടെയെത്തിയപ്പോഴേക്കും നീര് വർധിച്ചിരുന്നു. ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
നീര് ഉള്ളതിനാൽ വെള്ളിയാഴ്ച വരാൻ നിർദേശിച്ചു. അധ്യാപകരുടെ പക്കൽനിന്നുണ്ടായ ഗുരുതര അനാസ്ഥയിൽ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് കണിയാപുരം എ.ഇ.ഒക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.