തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ഇലക്കറികൾക്കുള്ള പ്രാധാന്യം മനസ്സിലാക്കി വ്യത്യസ്ത ഇനം ചീര കൃഷിയുമായി അധ്യാപകർ. തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസിലെ 15 അധ്യാപകരാണ് ഹെഡ്മാസ്റ്റർ എം. ഷാജിയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് പുതിയ ഹരിത മോഡൽ തീർക്കുന്നത്.
എല്ലാദിവസവും കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം ഇലക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടയാണ് ചുവപ്പ് ചീര, അഗസ്തി ചീര, പച്ചചീര, സാമ്പാർ ചീര, ചായ മൻസ, മധുര ചീര, വള്ളിച്ചീര എന്നിങ്ങനെ വ്യത്യസ്ത ഇനം ചീരകൃഷിയാണ് സ്കൂളിലെ 40 സെന്റ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ തക്കാളി, വെണ്ട, പച്ചമുളക്, പയർ, കുറ്റിപ്പയർ, വാഴ, ചേമ്പ്, ചേന, മുരിങ്ങ, പപ്പായ തുടങ്ങിയവയും സ്കൂളിലെ കൃഷിത്തോട്ടത്തിലുണ്ട്.
2020ലാണ് സുഭിഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ കൃഷി ആരംഭിച്ചത്. എന്നാൽ, എല്ലാ ദിവസവും കൃഷിയിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ അപര്യാപ്തമാണെന്ന് മനസ്സിലാക്കിയതോടെയാണ് വളരെ പോഷകാംശമുള്ളതും സ്വാദിഷ്ടവുമായ ഇലക്കറികളിലേക്ക് തിരിയാൻ അധ്യാപകർ തീരുമാനിച്ചത്. അങ്ങനെയാണ് കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും പരിചരണമുറകള്‍ താരതമ്യേന എളുപ്പമായതുമായ ചീരകൃഷിയിലേക്ക് അധ്യാപകർ എത്തിയത്.
കഴിഞ്ഞ വർഷം ടൈറ്റാനിയത്തിൽ നിന്ന് അഗസ്തി ചീരയുടെ 60 തൈകൾവാങ്ങി. ഇതിൽ 15 എണ്ണത്തിൽ പൂവ് വന്നുതുടങ്ങി. എല്ലുകളുടെ വളർച്ചക്ക് കുട്ടികൾക്ക് നൽകാവുന്ന ഒന്നാന്തരം ഇലക്കറിയാണ് അഗസ്തി ചീരയുടെ ഇലയും പൂവും. വിറ്റാമിൻ എയും ബിയും പാലിൽ ഉള്ളതിന്റെ ഇരട്ടി ഇതിൽ അടങ്ങിയിട്ടുണ്ട്. ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും പ്രയോജനകരം. ഓരോ ദിവസം ലഭിക്കുന്ന പൂവ് കറിവെക്കാൻ തികയാത്തതിനാൽ മൂന്ന് ദിവസം കൂടുമ്പോഴാണ് അഗസ്തി പൂ കൊണ്ടുള്ള തോരൻ കുട്ടികൾക്ക് നൽകുന്നതെന്ന് ഹെഡ്മാസ്റ്റർ ഷാജി പറയുന്നു.
ചായ മന്‍സ എന്നറിയപ്പെടുന്ന മെക്സിക്കന്‍ മരച്ചീര സാധാരണ ചീരയിനങ്ങളില്‍ ഉള്ളതിന്റെ മൂന്നിരട്ടിയോളം പോക്ഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള ഇലക്കറിയാണ്. ഒരിക്കല്‍ നട്ടാല്‍ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യമാണിത്. രക്ത സമ്മര്‍ദം, പ്രമേഹം, കിഡ്നിയിലെ കല്ല് തുടങ്ങി ധാരാളം രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ചായ മന്‍സ.
വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി രണ്ട് ഐറ്റം കറികൾ നൽകണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, ചീര കൃഷി ആരംഭിച്ചതോടെ ദിവസവും സ്കൂളിലെത്തുന്ന 130 വിദ്യാർഥികൾക്ക് നാല് കറികൾ നൽകാൻ കഴിയുന്നതായി അധ്യാപകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.