തിരുവനന്തപുരം: എസ്.എ.ടിയിൽ നടന്ന ശസ്ത്രക്രിയയിൽ 64 വയസ്സുകാരിയുടെ വയറ്റിൽനിന്ന് എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. കൊല്ലം സ്വദേശിനിയായ വൃദ്ധയുടെ ഗർഭപാത്രത്തിൽ നിന്നാണ് 30 സെൻറിമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള മുഴ പുറത്തെടുത്തത്. വിശപ്പില്ലായ്മ, വയറുവേദന, ശരീരഭാരം കുറയൽ എന്നീ ലക്ഷണങ്ങളുമായാണ് വൃദ്ധ ഒമ്പതുമാസം മുമ്പ് ആശുപത്രിയിലെത്തിയത്. രോഗിയായതിനാൽ അർബുദമായിരിക്കാമെന്ന സംശയവും ഡോക്ടർമാർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എത്രയും വേഗം ശസ്ത്രക്രിയക്ക് വിധേയയാകണമെന്നും രോഗിയോട് നിർദേശിച്ചു.
എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ചികിത്സക്കെത്താൻ തയാറാകാതിരുന്ന രോഗി ശാരീരികാസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്ന് ഒമ്പതു മാസങ്ങൾക്കുശേഷമാണ് ആശുപത്രിയിലെത്തിയത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ശ്രീലതയുടെ യൂനിറ്റിൽ ഡോ. ബിന്ദു നമ്പീശൻ, ഡോ. ജെ. സിമി എന്നിവരുടെ നേതൃത്വത്തിൽ അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു.
അനസ്തേഷ്യ വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസർ ഡോ. ജയകുമാർ, ഡോ. കൃഷ്ണ, ഡോ. അഞ്ജു, നഴ്‌സ് ലക്ഷ്മി എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി. കോവിഡ് വ്യാപനത്തിെൻറ പേരിൽ സമാനമായി അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള നിരവധി രോഗികൾ ചികിത്സക്കെത്താതെയുണ്ടെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ വി.ആർ. നന്ദിനി പറഞ്ഞു. യഥാസമയം ചികിത്സക്കെത്താതിരിക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഡോ. നന്ദിനി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.