തിരുവനന്തപുരം: 90 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ നാലു പ്രതികളെ കോടതി രണ്ടുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവിന്റെ വിപണന ശ്യംഖല കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡില്‍ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ആറാം അഡീഷനൽ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
2023 മേയ് ഏഴിനാണ് കണ്ണേറ്റുമുക്കില്‍നിന്ന് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജി. സുനില്‍ കുമാറടങ്ങിയ സംഘം പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍നിന്ന് 90 കിലോ കഞ്ചാവ് പിടികൂടിയത്. ഒഡീഷയില്‍നിന്ന് വാങ്ങിയ കഞ്ചാവ് പ്രതികള്‍ നഗരത്തില്‍ വിതരണം ചെയ്യുന്നതിനായാണ് കൊണ്ടുവന്നത്.
വാഹന പരിശോധനയില്‍ കുടുങ്ങാതിരിക്കാന്‍ കേസിലെ പ്രതിയായ വിഷ്ണുവിന്റെ ഭാര്യയെയും മകളെയും കാറില്‍ പ്രതികള്‍ തങ്ങളുടെ കാറില്‍ ഒപ്പം കൂട്ടി. കുടുംബമാണ് സഞ്ചരിക്കുന്നതെന്ന പ്രതീതി അന്വേഷണ സംഘത്തില്‍ ഉണ്ടാക്കാനായിരുന്നു ഇത്. എക്സൈസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികളെ പിന്തുടര്ന്ന് അന്വേഷണ സംഘം പിടികൂടിയത്.
പ്രതികള്‍ നഗരത്തിലെത്തിക്കുന്ന കഞ്ചാവ് സ്കൂള്‍ കുട്ടികളെയടക്കം ഉപയോഗിച്ച് വിപണനം നടത്തുന്നുണ്ടോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന് കോടതിയെ അറിയിച്ചു. ബോള്‍ട്ട് അഖില്‍ എന്ന ജഗതി സത്യനഗര്‍ സ്വദേശി അഖില്‍, മാറനല്ലൂര്‍ കരിങ്ങല്‍ വിഷ്ണു ഭവനില്‍ ബോലേറ വിഷ്ണു എന്ന വിഷ്ണു, തിരുവല്ലം മേനിലം ചെമ്മണ്ണുവിള പുത്തന്‍ വീട്ടില്‍ ചൊക്കന് രതീഷ് എന്ന രതീഷ്, തിരുവല്ലം കരിങ്കടമുകള്‍ ശാസ്താഭവനില്‍ രതീഷ് എന്ന രതീഷ് എന്നിവരാണ് കേസിലെ പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.