തിരുവനന്തപുരം: 2028 ഓടെ തിരുവനന്തപുരത്തെ സമ്പൂർണ സൗരോർജ നഗരമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നഗരത്തെ സമ്പൂർണ സൗരോർജമാക്കുന്നതിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച സൂര്യകാന്തി ‘ആർ.ഇ-ഇ.വി എക്സ്പോ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിതോർജ മേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന നിലപാടാണ് സർക്കാറിനുള്ളത്.
2 027 ഓടെ കേരളത്തെ പുനരുപയോഗ ഊർജോൽപാദനത്തിൽ 50 ശതമാനത്തിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നു. പദ്ധതികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോയാൽ 2040 ഓടെ സംസ്ഥാനം പുനരുപയോഗ ഊർജോൽപാദനത്തിൽ 100 ശതമാനത്തിലെത്തും. അനർട്ട് അവതരിപ്പിച്ച പുരപ്പുറ സൗരോർജ പദ്ധതി ‘കോപ്പിയടിച്ചാണ്’ ഇപ്പോൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്.
തലസ്ഥാനത്തെ 25,000 വീടുകൾ വൈകാതെ സൗരോർജത്തിലേക്ക് മാറും. സർക്കാർ ഓഫിസുകൾ പൂർണമായി സൗരോർജത്തിലേക്ക് മാറാനുള്ള പ്രവർത്തങ്ങളും തുടരും.
ഗോത്രമേഖലകളിലെ എല്ലാ വീടുകളിലും ഇക്കൊല്ലംതന്നെ വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ലൈനിൽനിന്ന് വൈദ്യുതിയെത്തിക്കാൻ കഴിയാത്ത ഇടങ്ങളിൽ സൗരോർജമടക്കം ബദൽ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. ആൻറണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ഹരിതോർജ ഉപകരണങ്ങൾ കാണാനും പരിചയപ്പെടാനുമുള്ള അവസരമാണ് എക്സ്പോയിൽ ഒരുക്കിയിട്ടുള്ളത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായുള്ള ജോബ് ഫെയർ ശനിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും. 21 പ്രമുഖ കമ്പനികൾ പങ്കെടുക്കും. സബ്സിഡിയോടെ പുരപ്പുറ സൗരോർജന നിലയങ്ങൾ സ്ഥാപിക്കാനുള്ള രജിസ്ട്രേഷനും എക്സ്പോയിൽ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.