തിരുവനന്തപുരം: ആംബുലൻസും ഡോക്ടറും മെഡിക്കൽ സംവിധാനവുമില്ലാത്തതിനെ തുടർന്ന് ജില്ല സ്കൂൾ കായികമേളയിൽ മത്സരത്തിനിടെ, കാൽപാദം പൊട്ടി പരിക്കേറ്റ വിദ്യാർഥി നിലത്തുകിടന്നത് രണ്ടുമണിക്കൂർ. സംഘാടകർ തിരിഞ്ഞുനോക്കാത്തതോടെ അധ്യാപകർ ഏർപ്പാടാക്കിയ സ്വകാര്യ ആംബുലൻസിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. മേളയിലെ ആദ്യ ഇനമായ 3000 മീറ്റർ സീനിയർ ആൺകുട്ടികളുടെ ഓട്ട മത്സരത്തിലായിരുന്നു അപകടം.
മത്സരത്തിൽ പങ്കെടുക്കുകയായിരുന്ന ആര്യനാട് ഗവ. വി ആൻഡ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി ശ്യാംലാണ് ആറാം റൗണ്ടിൽ കാലുതെറ്റി ട്രാക്കിൽ വീണത്. എഴുന്നേൽക്കാൻ കഴിയാതെ വന്നതോടെ, സഹപാഠികളാണ് ശ്യാംലാലിനെ പൊക്കിയെടുത്ത് പുറത്തേക്കെത്തിച്ചത്. മുൻ വർഷങ്ങളിൽ ഡോക്ടർ അടങ്ങിയ മെഡിക്കൽ സംഘം ജില്ല കായികമേള തീരുന്നതുവരെ ഗ്രൗണ്ടിലുണ്ടാകുമെങ്കിൽ ഇന്നലെ ഡോക്ടറോ, നഴ്സിങ് അസിസ്റ്റന്റോ വേദന സംഹാരികൾപോലുമുണ്ടായിരുന്നില്ല. പകരം സംഘാടകർ കൊണ്ടുവന്നത് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെയും. വേദനകൊണ്ട് പുളഞ്ഞ ശ്യാംലാലിന് നൽകാൻ ഇവരുടെ കൈയിലുണ്ടായിരുന്നത് ഐസ് പാക്കും ഒ.ആർ.എസ് ലായനിയും.
മണിക്കൂറുകൾ കഴിഞ്ഞിട്ടും ആംബുലൻസും എത്താതായതോടെ രക്ഷാകർത്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന്, അധ്യാപകർ ഏർപ്പാടാക്കിയ സ്വകാര്യ ആംബുലൻസിലാണ് ഉച്ചക്ക് 12 മണിയോടെ ശ്യാംലാലിനെ ആശുപത്രിയിലെത്തിച്ചത്. ഇതിനുശേഷം രണ്ട് ആംബുലൻസുകൾ സംഘാടകർ ഏർപ്പാടാക്കിയെങ്കിലും ഡോക്ടർ എത്തിയില്ല. പൊരിവെയിലിൽ കുട്ടികളിൽ പലരും തളർന്നുവീണപ്പോഴും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയപ്പോഴും അവരെ സഹായിക്കാനെത്തിയത് കുട്ടികളും രക്ഷാകർത്താക്കളും മാത്രമാണ്. ശ്യാംലാലിന്റെ കാൽപാദത്തിൽ പൊട്ടലുള്ളതിനാൽ പ്ലാസ്റ്ററിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.