തിരുവനന്തപുരം: കരമനയാറിന്റെ തീരത്ത് പ്രദേശവാസികളേയും വിനോദസഞ്ചാരികളെയും ആകർഷിക്കാനായി 15 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കരമന പാലം മുതൽ ആഴാങ്കൽ ജങ്ഷൻ വരെ, കരമനയാറിന്റെ ഇടത് കരയിലുള്ള നടപ്പാതയുടെ സൗന്ദര്യവത്കരണത്തിന്റെയും നവീകരണത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജലസേചന വകുപ്പ് മുഖേന സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി, വിപുലമായ സൗന്ദര്യവത്കരണ പ്രവൃത്തികളാണ് കരമനയാറിന്റെ തീരത്ത് നടത്തുന്നത്.
കരമന-ആഴാങ്കൽ നടപ്പാതയുടെ ഭംഗിയും പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തന പദ്ധതിക്ക് തുടക്കമാവുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ നടപ്പാതയുടെ വീതി കൂട്ടി ജോഗിങ് ട്രാക്ക്, സൈക്കിൾ ട്രാക്ക് നിർമാണം, നടപ്പാത ദീർഘിപ്പിക്കൽ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
നദിയുടെ വെള്ളപ്പൊക്ക നിവാരണ ബണ്ടിന്റെ ബലപ്പെടുത്തൽ, ഓപൺ ജിം, യോഗ പ്ലാറ്റ്ഫോം, കുട്ടികളുടെ പാർക്ക്, രണ്ടു തൂക്കുപാലങ്ങൾ, റേഡിയോ പാർക്ക്, തെരുവുവിളക്ക്, കടവുകളുടെ പുനരുദ്ധാരണം, ശലഭ പാർക്ക്, വൈ-ഫൈ സോൺ, ഫിഷിങ് ഡെക്ക് തുടങ്ങി ബൃഹത്തായ നവീകരണ പ്രവൃത്തികളാണ് ഒരുങ്ങുന്നത്.
ആറു മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കും. സന്ദർശകർക്ക് ബോട്ടിങ് യാത്രകൾക്കുള്ള സൗകര്യവും ഉണ്ടാകും. സുരക്ഷ ഉറപ്പാക്കാൻ സി.സി ടി.വികൾ സ്ഥാപിക്കും. ആധുനിക സൗകര്യങ്ങളോടെയുള്ള ശൗചാലയങ്ങൾ, ഓട്ടോമേറ്റഡ് സ്പ്രിങ്ക്ളർ ഇറിഗേഷൻ സൗകര്യങ്ങൾ, ആർട്ട് വാളുകൾ ഇവയും നവീകരണ പദ്ധതിയുടെ സവിശേഷതകളിൽപ്പെടുന്നു. വനം വകുപ്പ്, സർക്കാർ നഴ്സറികളുമായി സഹകരിച്ച് കൂടുതൽ ഫലവൃക്ഷങ്ങളും പൂമരങ്ങളും പ്രദേശത്ത് വെച്ചുപിടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.