തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ മൂന്നുദിവസം മുമ്പ് മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടുകിട്ടാത്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ ശവപ്പെട്ടിയുമായി പിതാവിന്റെയും ബന്ധുക്കളുടെയും പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ വൈകീട്ടോടെ പൂർത്തിയാക്കി മൃതദേഹം വിട്ടുനിൽകി. ചികിത്സപ്പിഴവുണ്ടായെന്ന ബന്ധുക്കളുടെ ആരോപണത്തിലും മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയതിലും ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി.
മേയ് 16നാണ് കുഞ്ഞിന് അനക്കമില്ലെന്ന് സംശയം തോന്നിയതിനെ തുടർന്ന് കഴക്കൂട്ടം സ്വദേശി പവിത്ര തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടര്‍മാര്‍ കൃത്യമായ പരിശോധന നടത്തുകയോ ചികിത്സ നല്‍കുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്നും അടുത്തദിവസം വന്നാൽമതിയെന്നും പറഞ്ഞ് പവിത്രയെയും ഭർത്താവിനെയും മടക്കിയയച്ചു.
17ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥശിശു മരിച്ചതായി കണ്ടെത്തി. തൊട്ടടുത്ത ദിവസം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ച് കുട്ടിയെ പുറത്തെടുത്തു. എന്നാൽ, പോസ്റ്റ്മോർട്ടം നടത്തി കുട്ടിയുടെ മൃതദേഹം വേഗം വിട്ടുനല്‍കാൻ ആശുപത്രി അധികൃതർ തയാറായില്ല. കൂടുതല്‍ പരിശോധന വേണമെന്നും തൈക്കാട് ആശുപത്രിയിൽനിന്ന് റിപ്പോർട്ട് കിട്ടിയാലേ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടുനൽകാനാകൂവെന്നുമായിരുന്നു അധികൃതരുടെ നിലപാട്. മൂന്നു ദിവസം കഴിഞ്ഞിട്ടും നടപടികൾ പൂർത്തിയാകാതെ വന്നതോടെയാണ് ചൊവ്വാഴ്ച പിതാവ് ലിബുവും ബന്ധുക്കളും ശവപ്പെട്ടിയുമായി മോർച്ചറിക്ക് മുന്നിൽ കുത്തിയിരുന്നത്.
തൈക്കാട് ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിതാവ് നല്കിയ പരാതിയില്‍ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.