തിരുവനന്തപുരം: രണ്ടോ മൂന്നോ മണിക്കൂർ മഴ പെയ്താൽ മുങ്ങുന്ന വിധത്തിലേക്ക് നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ മാറിയതോടെ ജനങ്ങൾ ആശങ്കയിൽ. മുമ്പ് ചെറിയ മഴയിൽ തമ്പാനൂർ, എസ്.എസ് കോവിൽ റോഡ് പോലുള്ള ഭാഗങ്ങളിൽ മാത്രമാണ് പെട്ടെന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നത്.
ഇപ്പോൾ മഴ തുടങ്ങുമ്പോൾ തന്നെ നഗരത്തിലെ വിവിധ ജനവാസ മേഖലകളിലും റോഡുകളിലും വലിയതോതിൽ വെളക്കെട്ട് ഉണ്ടാവുന്ന സാഹചര്യമാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച മഴ രാത്രിയിലും തുടർന്നതോടെ കോർപറേഷൻ പരിധിയിലെ മിക്കയിടങ്ങളിലും വെള്ളം കയറി. വീടിന് പുറത്തിറങ്ങാനാവാത്ത വിധം കുടുങ്ങിയവരെ ഫയർഫോഴ്സെത്തിയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്.
ആമയിഴഞ്ചാന്‍ തോടും പാര്വതീപുത്തനാറും കരകവിഞ്ഞതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാവുകയായിരുന്നു. ഗൗരീശപട്ടം, തേക്ക്മൂട് ബണ്ട് കോളനി, മുറിഞ്ഞപാലം പ്രദേശത്തെ വീടുകളിലും മുറിഞ്ഞപാലം കോസ്മോപൊളിറ്റന്‍ ആശുപത്രിയിലും വെള്ളം കയറി.
തിരുവനന്തപുരം നഗരത്തിൽ മറ്റൊരു പ്രദേശത്തുമില്ലാത്ത വെള്ളപ്പൊക്ക ഭീഷണിയാണ് ഗൗരീശപട്ടം, മുറിഞ്ഞപാലം, തേക്കുമ്മൂട്, കുഴിവയിൽ ഭാഗത്തുണ്ടാകുന്നത്. ചെറിയ മഴയിൽ പോലും ക്രമാതീതമായി വെള്ളം പൊങ്ങുന്നത് പ്രദേശവാസികൾക്ക് വലിയദുരിതമാണ് സമ്മാനിക്കുന്നത്.
പ്രദേശത്തെ 120 വീടുകളിൽ 10ൽ താഴെ വീടുകളിൽ മാത്രമാണ് വെള്ളം കയാറാതിരുന്നത്. തോടിന്റെ ആഴം കുറഞ്ഞുവരുന്നതും തോട്ടിലടിയുന്ന മണ്ണും ചവറുകളും സമയക്രമമായി നീക്കംചെയ്യുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതുമാണ് പ്രളയ കാരണം. ഉള്ളൂർ തോട്, പട്ടം തോട്, ആമിഴഞ്ചാൻ തോട് തുടങ്ങിയ തോടുകളും കൈ തോടുകളും വന്നുചേരുന്നത് ആക്കുളം കായലിലാണ്.
വലിയതോതിൽ മണ്ണ് മൂടിക്കിടക്കുന്ന ആക്കുളം കായൽ ആഴം കൂട്ടുന്നതിനുള്ള പദ്ധതി നടപ്പായിട്ടില്ല. 96 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അനുമതി ഉണ്ടായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാട്ടുന്ന അലംഭാവം സ്ഥിതി രൂക്ഷമാക്കുന്നു. പദ്ധതി പൂർത്തീകരിച്ച് നഗരത്തിലെ വെള്ളപ്പൊക്കത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന ആവശ്യം അവഗണിക്കപ്പെടുകയാണ്.
തോടുകളുടെ ആഴം ആവശ്യാനുസരണം കൂട്ടാനും ഇടപെടൽ ഉണ്ടാവുന്നില്ല. തോടുകൾ കരകവിഞ്ഞൊഴുകുന്നത് ഒഴിവാക്കാൻ ഇരുവശത്തുള്ള ഭിത്തിയുടെ ഉയരം കൂട്ടുക എന നിർദേശം ശാസ്ത്രീയമല്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
മഴയിൽ എൻ.എച്ച് സർവിസ് റോഡുകളിൽ വെള്ളക്കെട്ടായത് യാത്രാദുരിതം വർധിപ്പിക്കുന്നു. സർവിസ് റോഡുകളോട് ചേർന്ന ഓടകളിൽകൂടി വെള്ളം ഒഴുകിപ്പോകാത്തതും അശാസ്ത്രീയമായ നിർമാണവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ശ്രീകാര്യത്ത് കഴിഞ്ഞദിവസത്തെ മഴയിൽ മതിലിടിഞ്ഞ് വീണ് നാശനഷ്ടം ഉണ്ടായി. ചെമ്പഴന്തി എസ്.എൻ കോളജിന് സമീപവും വീടിന്മേൽ മതിലിടിഞ്ഞ് വീണു.
തിരുവനന്തപുരം: ചുരുങ്ങിയ സമയം കൊണ്ട് വലിയ അളവില്‍ മഴ പെയ്തതാണ് തിരുവനന്തപുരം നഗരത്തില്‍ വീണ്ടും വെള്ളക്കെട്ടുണ്ടാകാന്‍ കാരണമായതെന്ന് മന്ത്രി കെ. രാജന്. വെള്ളം ഒഴുകിപ്പോകാനുള്ള തടസ്സങ്ങള്‍ നീക്കാൻ നടപടി ആരംഭിച്ചെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തിരുവനന്തപുരം: അടിക്കടിയുള്ള വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബസമേതം റോഡിലിറങ്ങി പ്രതിഷേധ സമര പരിപാടികൾ സംഘടിപ്പിക്കാൻ കോസ്മോ പോളിറ്റൻ റസിഡൻസ് അസോസിയേഷൻ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രസിഡന്റ് എസ്.എസ്. മനോജ്, ഭാരവാഹികളായ എ. ബാഹുലേയൻ, എസ്.എസ്. അശോക് കുമാർ, ബിമൽ രാഘവൻ, കെ. ജോൺ, ബി. ശശിധരൻനായർ, ആർ. ശ്രീകാന്ത്, പി. എ. സുഗുണൻ, സി.ഇ. പത്മകുമാർ, എസ്. സുരേഷ് കുമാർ, ബിജു. വി. നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.