തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ രാത്രിയിൽ സ്കൂട്ടറിൽ സഞ്ചരിച്ച സ്ത്രീക്കുനേരെ അതിക്രൂരമായ ലൈംഗികാതിക്രം ഉണ്ടായിട്ട് രണ്ടാഴ്ചയായിട്ടും പ്രതിയെ പിടിക്കാനാകാതെ ഇരുട്ടിൽതപ്പി പൊലീസ്. വിഷയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങൾ അടങ്ങട്ടെയെന്ന നിലപാടിലാണ് പൊലീസ്. പ്രതി സഞ്ചരിച്ച വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചെന്ന് പറയുന്ന പൊലീസിന് പക്ഷേ, പ്രതിയെക്കുറിച്ച് വിവരം ലഭിച്ചില്ലെന്ന് പറയുന്നതിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ഡി.സി.പിയുടെയും അസി. കമീഷണറുടെയും നേതൃത്വത്തിൽ മൂന്ന് സി.ഐമാരുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായി പരിശോധിച്ചിട്ടും 13 ദിവസം കഴിഞ്ഞിട്ടും പ്രതിയുടെ പൊടിപോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രം. സംഭവമുണ്ടായപ്പോൾ സ്വീകരിച്ച അതേ നിരുത്തരവാദപരമായ നിലപാട് പൊലീസ് തുടരുകയാണെന്ന ആക്ഷേപവും ശക്തമാണ്.
സംഭവശേഷം യഥാസമയം കേസ് രജിസ്റ്റർ ചെയ്യാനോ പ്രതിയെ പിടികൂടാനോ തയാറാകാത്ത പൊലീസ് നടപടി വിവാദമായതിനെതുടർന്ന് പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയരാജ്, സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവരെയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ സസ്പെൻഡ് ചെയ്തത്.
പാറ്റൂർ മൂലവിളാകം ജങ്ഷനിൽ മാർച്ച് 13 ന് രാത്രി 11 ഓടെയായിരുന്നു ആക്രമണം. മൂലവിളാകം സ്വദേശിയായ 49 കാരിയാണ് അതിക്രമത്തിന് ഇരയായത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. കേസെടുക്കണമെങ്കിൽ മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് കേസെടുത്തത് മൂന്നുദിവസങ്ങൾക്ക് ശേഷമാണ്. അതും പരാതിക്കാരി നടപടിയാവശ്യപ്പെട്ട് കമീഷണർക്ക് പരാതി നൽകിയതിനുശേഷം.
പൊലീസിന്റെ ഈ നിരുത്തരവാദ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടും അതൊന്നും കേൾക്കുന്നില്ലെന്ന ഭാവത്തിലാണ് പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രിയുൾപ്പെടെയുള്ളവർ ആവർത്തിക്കുമ്പോഴും തലസ്ഥാന നഗരിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.