ആറന്നൂർ വാർഡിലെ ദുർഗാനഗറിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിക്ഷേപിച്ച മാലിന്യക്കൂമ്പാരം
തിരുവനന്തപുരം: വികേന്ദ്രീയ മാലിന്യ സംസ്കരണത്തിൽനിന്ന് കോർപറേഷൻ പിന്നാക്കം പോയതോടെ മാലിന്യത്തിന്റെ ദുര്‍ഗന്ധം കൊണ്ട് ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്ന്നെഴുന്നേൽക്കേണ്ട ഗതികേടിൽ നഗരവാസികൾ. മാലിന്യ സംസ്കരണത്തിന് പ്രതിവർഷം ബജറ്റിൽ കോടികൾ നീക്കിവെച്ചിട്ടും ദിവസം കഴിയുന്തോറും നഗരത്തിന്റെ ഇടവഴികളിൽനിന്നും മാലിന്യം നടപ്പാതകളിലേക്ക് കുമിഞ്ഞുകൂടുകയാണ്. 214 ച.കി.മീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന കോർപറേഷനിൽ ഏകദേശം 10 ലക്ഷം ജനം അധിവസിക്കുന്നതായാണ് കണക്ക്.
രണ്ട് ലക്ഷത്തോളം ജനം വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ വന്നുപോകുന്നു. നഗരവാസികളും പുറത്തുനിന്ന് വന്നുപോകുന്നവരുമായി പ്രതിദിനം 400 ടൺ ഖരമാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് കോർപറേഷന്റെ തന്നെ കണക്കുകൾ. ഇതിന് പുറമെയാണ് ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും. ഇവയെ നിയന്ത്രിക്കുന്നതിന് പ്രതിവർഷം 10 കോടിയോളം രൂപ ചെലവഴിച്ചിട്ടും നഗരത്തിലെ മാലിന്യസംസ്കരണത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.
'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്ത'മെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും പ്ലാസ്റ്റിക് ക്യാരി ബാഗുകളിൽ മാലിന്യം കെട്ടി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും ഓടകളിലും വലിച്ചെറിയുകയാണ് ജനം ചെയ്യുന്നത്. ഇതിന് പരിഹാരമായി വീടുകളിൽനിന്ന് നേരിട്ട് മാലിന്യശേഖരണത്തിന് വാർഡ് അടിസ്ഥാനത്തിൽ ഹരിതകർമസേന രൂപവത്കരിച്ചെങ്കിലും കാതലായ മാറ്റമുണ്ടായിട്ടില്ല.
41 വാർഡുകളിൽ ഹരിതകർമസേന രൂപവത്കരിച്ചെങ്കിലും മാലിന്യം ഇപ്പോഴും പെരുവഴിയിൽ തന്നെയാണ്. ആമയിഴഞ്ചാൻതോടും ബൈപാസിൽ കോവളം മുതൽ ഈഞ്ചക്കൽവരെയുള്ള സ്ഥലവും വലിച്ചെറിയപ്പെട്ട മാലിന്യക്കവറുകളാൽ നിറഞ്ഞിരിക്കുകയാണ്. മുൻ ഭരണസമിതിയുടെ കാലത്ത് 32 സർവിസ് പ്രൊവൈഡർമാർ വഴിയാണ് മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കിയത്. ഇവയിൽ മുക്കാൽ പങ്കും പ്രവർത്തനം മതിയാക്കി. 222 ടൺ ജൈവ മാലിന്യം (പഴം, പച്ചക്കറി, മത്സ്യം, മാംസ മാലിന്യം) പ്രതിദിനം ഉണ്ടാകുന്നുണ്ടെന്നാണ് കോർപറേഷന്റെ കണക്ക്. സ്വകാര്യ ഏജൻസികൾ ഇതിന്റെ 40 ശതമാനം മാത്രമേ ശേഖരിക്കുന്നുള്ളൂ.
വിളപ്പിൽശാലയിലെ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടിയശേഷമുള്ള 11 വർഷത്തിനിടെ കോർപറേഷൻ ബജറ്റിൽ വകയിരുത്തിയത് 110 കോടിയാണ്. മുൻ ഭരണസമിതിയുടെ അഭിമാന പദ്ധതിയായിരുന്നു ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ. 1800 രൂപ വിലയുള്ള കിച്ചൺ ബിന്നുകൾ ഗുണഭോക്താക്കൾക്ക് സൗജന്യമായാണ് കോർപറേഷൻ നൽകിയത്.
100 വാർഡുകളിലുമായി ആകെ സ്ഥാപിച്ചത് 46,601 ബിന്നുകൾ. എന്നാൽ, പുതിയ കണക്കുപ്രകാരം കൃത്യമായി പരിപാലിക്കുന്നത് 14,650 എണ്ണം മാത്രം. ബാക്കി 31,951 എണ്ണം കാണാനില്ലെന്നാണ് റിപ്പോർട്ട്. 64 കേന്ദ്രങ്ങളിലായി 454 എയ്റോബിക് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇവയിൽ പകുതിയും നിലവിൽ പ്രവർത്തനക്ഷമമല്ല.
അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങളായ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളും എയ്റോബിക് ബിൻ കേന്ദ്രങ്ങളും ഇപ്പോൾ പ്ലാസ്റ്റിക് കൂനകളായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക്, ചില്ല് ഉൾപ്പെടെയുള്ള അജൈവ മാലിന്യം കൈമാറാൻ സ്വകാര്യ ഏജൻസികളുമായി കോർപറേഷൻ രണ്ടുമാസം മുമ്പ് കരാറിൽ ഏർപ്പെട്ടെങ്കിലും മാലിന്യനീക്കം കൃത്യമല്ല.
മാസത്തിൽ രണ്ടുതവണയാണ് വീടുകളിൽനിന്ന് കോർപറേഷൻ അജൈവ മാലിന്യം നീക്കം ചെയ്യുന്നത്. കോർപറേഷൻ പരിധിയിലെ വ്യവസായശാലകളിൽനിന്നും മരുന്ന് കമ്പനികളിൽനിന്നടക്കം പുറന്തള്ളുന്ന അപകടസാധ്യത നിറഞ്ഞ മാലിന്യവും പൊതുജനാരോഗ്യത്തിന് ഭീഷണിയായി മാറിക്കഴിഞ്ഞു. ഇത്തരം മാലിന്യം സംഭരിക്കുന്നതിനോ സംസ്കരിക്കുന്നതിനോ ഉള്ള സംവിധാനം നിലവിലില്ല.
നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിന് ആക്ഷൻ പ്ലാനുമായി കോർപറേഷൻ. പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വിവിധ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഈമാസം 30ന് രാവിലെ മുതൽ ശേഖരിക്കാൻ കൗൺസിലർമാർക്ക് മേയർ ആര്യ രാജേന്ദ്രൻ നിർദേശം നൽകി. റസിഡൻറ്സ് അസോസിയേഷൻ, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, വിവിധ രാഷ്ട്രീയ പാർട്ടി, യുവജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് ശേഖരിച്ച് മെറ്റീയൽ റിക്കവറി ഫെസിലിറ്റികളിലോ റിസോഴ്സ് റിക്കവറി സെന്ററുകളിലോ എത്തിക്കാനാണ് നിർദേശം.
25 ന് മുമ്പ് കൗൺസിലറുടെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ വാർഡുതല സമിതികൾക്ക് രൂപം നൽകണം. 22 ന് പഴയ തുണി, ചെരിപ്പ്, ബാഗുകൾ എന്നിവയും 29 ന് ചില്ലുമാലിന്യവും ഫെബ്രുവരി അഞ്ചിന് സി.എഫ്.എൽ ബൾബുകൾ, ട്യൂബ് ലൈറ്റുകൾ തുടങ്ങിയവയും ശേഖരിക്കുന്നതിന് പ്രത്യേക ശേഖരണ കൗണ്ടറുകൾ സജ്ജീകരിക്കാനും തീരുമാനിച്ചു.
മാലിന്യസംസ്കരണ ഉത്തരവാദിത്തവും പ്ലാസ്റ്റിക്കിന്റെ വിപത്തിനെ സംബന്ധിച്ചും പുതുതലമുറക്ക് അവബോധം നൽകാനുതകുന്ന തരത്തിൽ സ്കുളുകളിൽ പാഠ്യവിഷയമാക്കുന്നതിന് സംസ്ഥാന സർക്കാറിന് കത്ത് നൽകാൻ ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.