തിരുവനന്തപുരം: കുത്തകകളെയും കോര്‍പറേറ്റുകളെയും പ്രീതിപ്പെടുത്താന്‍ മത്സരിക്കുന്ന സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി. എൽ.ഐ.സി സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പട്ടം എൽ.ഐ.സി ഓഫിസിന് മുന്നില്‍ സി.പി.ഐ ജില്ല കൗണ്‍സിൽ നേതൃത്വത്തില്‍ സംഘടിപ്പിച്ച എൽ.ഐ.സി സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യവത്കരണമാണ് കേന്ദ്ര സര്‍ക്കാറിന്റെ മുഖമുദ്ര. എൽ.ഐ.സി നാടിന്റെ പൊതുസമ്പത്താണ്. സാധാരണക്കാരും ദരിദ്രരുമായ മനുഷ്യരുടെ താല്പര്യങ്ങള് സംരക്ഷിച്ചാണ് ഇക്കാലയളവില്‍ എൽ.ഐ.സി രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നത്. എൽ.ഐ.സിയുടെ സ്വത്തുക്കള്‍ രാജ്യത്തിന്റെ പൊതുസ്വത്താണ്. ഈ സമ്പത്ത് സ്വകാര്യ കുത്തകകളുടെ കൈകളില്‍ എത്തിക്കാനുള്ള നീക്കം രാജ്യത്തിന്റെ താല്പര്യത്തിനെതിരാണ്. രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിറ്റുതുലയ്ക്കുകയാണ് ബി.ജെ.പി സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് അധ്യക്ഷനായിരുന്നു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി. ദിവാകരന്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി.പി. ഉണ്ണികൃഷ്ണന്, സോളമന് വെട്ടുകാട്, അരുണ്‍ കെ.എസ്, മീനാങ്കല്‍ കുമാര്‍, മനോജ് ബി. ഇടമന എന്നിവർ സംസാരിച്ചു. ജില്ല അസി. സെക്രട്ടറി പള്ളിച്ചല്‍ വിജയന് സ്വാഗതവും വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.