തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിയിൽ ചികിത്സാപ്പിഴവ് കാരണം കുഞ്ഞ് മരിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശിയായ ലിബുവാണ് ആശുപത്രിക്കെതിരെയും ഡോക്ടർക്കെതിരെയും തമ്പാനൂർ പൊലീസിലും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്.
ലിബു-പവിത്ര ദമ്പതികളുടെ കുഞ്ഞ് ഗർഭാവസ്ഥയിൽതന്നെ മരണപ്പെട്ടത് ആശുപത്രിയുടെ അനാസ്ഥ കൊണ്ടാണെന്നാണ് പരാതി. മേയ് 16നായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്നാണ് എട്ടുമാസം ഗര്‍ഭിണിയായ കഴക്കൂട്ടം സ്വദേശിനി പവിത്രയും കുടുംബവും രാത്രി 12ഓടെ തൈക്കാട് ആശുപത്രിയിലെത്തിയത്.
ഡ്യൂട്ടി ഡോക്ടറോട് വിവരം പറഞ്ഞെങ്കിലും കുഞ്ഞിനെ ഉറങ്ങാൻ അനുവദിക്കില്ലേയെന്നുചോദിച്ച് പരിശോധിക്കാതെ മടക്കിയയക്കുകയാണ് ചെയ്തതെന്ന് ലിബു പറയുന്നു. തൊട്ടടുത്തദിവസം നടന്ന സ്കാനിങ്ങിൽ കുഞ്ഞ് വയറ്റിനുള്ളിൽതന്നെ മരിച്ചതായി കണ്ടെത്തി. തുടർന്ന് ഇവർ തൈക്കാട് ആശുപത്രിയിലെത്തിയെങ്കിലും അടിയന്തരമായി എസ്.എ.ടിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. അവിടെ എത്തി അടുത്ത ദിവസമാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ദമ്പതികൾക്ക് നാലരവയസ്സുള്ള ഒരു മകനുണ്ട്. ജൂൺ നാലിനായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. കുഞ്ഞിന്റെ മൃതദേഹം തിങ്കളാഴ്ച പത്തോളജിക്കല്‍ ഓട്ടോപ്സി നടത്തും.
തൈക്കാട് ആശുപത്രിയിലെ ഡോക്ടര്‍ കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ ജീവനോടെ കിട്ടുമായിരുന്നെന്ന് ലിബു പറയുന്നു. അതേസമയം ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള സൗകര്യമുണ്ടായിരുന്നിട്ടും തൈക്കാട് ആശുപത്രി അധികൃതർ എസ്.എ.ടിയിലേക്ക് വിട്ടത് ഉത്തരവാദിത്തത്തിൽനിന്ന് തടിയൂരാനാണെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നു.
മൂന്നുമാസം മുമ്പാണ് പോത്തൻകോട് സ്വദേശിനിയുടെ ഗർഭസ്ഥശിശു ചികിത്സാപിഴവിനെ തുടർന്ന് മരിച്ചത്. അന്ന് എസ്.എ.ടി ആശുപത്രിക്കെതിരെയായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.