വലിയതുറ: ശംഖുംമുഖത്ത് ശനിയാഴ്ച രാവിലെ ശക്തമായ തിരയിൽപെട്ട് വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ രണ്ടാംദിവസവും കണ്ടെത്താനായില്ല. വലിയതുറ പ്രതീക്ഷ ഫ്ലാറ്റില്‍ ബി-1 ജിഫോറില് മഹേഷിനെ (32) യാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന വില്‍സണ്‍ (53) അത്ഭുതകരമായി നീന്തിരക്ഷപ്പെടുകയായിരുന്നു.
ശനിയാഴ്ച രാവിലെ 8.30ഓടെ ശംഖുംമുഖം തീരത്തുനിന്ന് ഏകദേശം നൂറ് മീറ്റര്‍ മാറി മഹേഷും വില്‍സണും സഞ്ചരിച്ച എഞ്ചിന് ഘടിപ്പിച്ച ഫൈബര്‍ വള്ളം ശക്തമായ തിരയില്‍ തലകീഴായി മറിയുകയായിരുന്നു. മത്സ്യബന്ധനത്തിന് പോകാനായി വള്ളം കടലിലൂടെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തേക്ക് കൊണ്ടുപോകവേയായിരുന്നു ഇരുവരും അപകടത്തിൽപെട്ടത്.
സംഭവം നടന്നയുടന്‍ തന്നെ വിഴിഞ്ഞം കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് വൈകീട്ടുവരെ തിരഞ്ഞെങ്കിലും മഹേഷിനെ കണ്ടെത്താനായില്ല. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് തിരച്ചില്‍ നിർത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ 7.45 ഓടെ വിഴിഞ്ഞം കോസ്റ്റല്‍ പൊലീസിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും നേതൃത്വത്തില്‍ സംയുക്തമായി വലിയതുറ, പൂന്തുറ, ശംഖുംമുഖം ഭാഗങ്ങളിലും ഉള്‍ക്കടലിലും ഉച്ചവരെ തിരച്ചില്‍ നടത്തി. ശക്തമായ കാറ്റും തിരയും കാരണം തിരച്ചില്‍ ദുഷ്കരമായതോടെ ഉച്ചയോടെ നിര്‍ത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.