ആര്യനാട്: തിരുവനന്തപുരം ഗോശാലയില്‍ എല്ലുതോലുമായി നിന്നതുള്‍പ്പെടെയുള്ള 34 പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കുന്ന ക്ഷീര കര്‍ഷകന്‍ പ്രതിസന്ധിയില്‍. ആര്യനാട് കടുവാകുഴിക്ക് സമീപമുള്ള മുഹമ്മദ് അഷ്ക്കറാണ് നഗരസഭ ഉറപ്പുകൾ തെറ്റിച്ചതോടെ വട്ടം ചുറ്റുന്നത്.
കന്നുകാലികള്‍ക്കുള്ള ചിലവുകള്‍ നല്‍കാമെന്ന തിരുവനന്തപുരം നഗരസഭ അധികൃതരുടെ ഉറപ്പിന്‍മ്മേലാണ് പശുക്കളെ അഷ്കകര്‍ ഏറ്റെടുത്തത്. എന്നാല്‍, കഴിഞ്ഞ ആറുമാസമായി യാതൊരുവിധ സഹായവും കോർപറേഷൻ നൽകുന്നില്ല. ഇതോടെയാണ് പശുസ്നേഹിയും പൊതു പ്രവർത്തകനുമായ അഷ്‌കർ വെട്ടിലായത്. ഇപ്പോൾ പശുക്കളുടെ സകല ചിലവും വഹിക്കേണ്ട ഗതികേടിലാണ് അഷ്കര്‍.
നടനും എം.പിയുമായ സുരേഷ് ഗോപി നൽകിയ ഗീർ കാള ഉൾപ്പടെ 22 കാളകളും, വെച്ചൂർ, കാസർകോട് കുള്ളൻ എന്നിങ്ങനെ 11 പശുക്കളും, ഒരു പശുകുട്ടിയും ആണ് ഇവിടെ പരിപാലിക്കപ്പെടുന്നത്. തിരുവനന്തപുരം കോട്ടക്കകം കുതിരമാളികക്ക് സമീപമുള്ള ഗോശാലയിൽ നരകയാതന അനുഭവിക്കുകയായിരുന്ന പശുക്കളെ ഹൈകോടതി ഉത്തരവിനെ തുടർന്ന് 2020 ഫെബ്രുവരിയിലാണ് നഗരസഭ ഏറ്റെടുത്ത വിളപ്പിൽശാല ചവർ ഫാക്റ്ററിയിൽ എത്തിക്കാൻ ശ്രമിച്ചത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ആര്യനാട് അഷ്കറിന്‍റെ സ്വകാര്യ ഫാമിൽ എത്തിക്കുകയും ഇവയ്ക്കുള്ള എല്ലാ സൗകര്യവും വാഗ്ദാനം ചെയ്യുകയുമായിരുന്നു. എന്നാൽ ഒരുവർഷം മാത്രമാണ് നഗരസഭ വാക്ക് പാലിച്ചത്. കഴിഞ്ഞ ആറുമാസമായി യാതൊരു സഹായവും കോർപറേഷൻ ചെയ്യുന്നില്ല എന്ന് ഫാം ഉടമപറഞ്ഞു.
പശുക്കൾക്ക് രണ്ടു മൃഗ ഡോക്ടറുടെ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരുടെ സംഘം കൃത്യമായി പരിപാലനം നൽകുമെന്നും ഭക്ഷണവും മറ്റു ചിലവുകളും അടക്കം ഇതിനായുള്ള എല്ലാ സംവിധാനവും നഗരസഭ ഒരുക്കുമെന്നും ഫാമിനു വാടകയും നൽകുമെന്നും അന്ന് കോർപറേഷൻ ഉറപ്പു നൽകിയിരുന്നു.
എന്നാൽ, ദിവസേന പശുക്കൾക് തീറ്റ, വൈക്കോൽ, മരച്ചീനി മരുന്നുൾപ്പടെ നൽകാൻ 3500 ഓളം രൂപയോളം കണ്ടെത്തേണ്ട അവസ്ഥയാണ് ഇപ്പോൾ അഷ്കറിന്. കഴിഞ്ഞ ആറുമാസമായി അഷ്കറാണ് ഇവയെ പോറ്റുന്നത്. ദിവസവും രണ്ട് ചാക്ക് തീറ്റയിൽ അധികം ഇവയ്ക്ക് വേണമെന്നും അഷ്‌കർ പറയുന്നു. പശുക്കളെ ഫാമിൽ എത്തിച്ച ആദ്യനാളുകളില്‍ നിരവധി പ്രമുഖർ പശുക്കള്‍ക്ക് തീറ്റ എത്തിച്ചു നൽകിയിരുന്നു. പിന്നീട് അതെല്ലാം നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.