തിരുവനന്തപുരം: കോർപറേഷനുമായി ബന്ധപ്പെട്ട് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ടിലെ അഴിമതികൾ ആദ്യം കണ്ടെത്തിയത് നിലവിലെ ഭരണസമിതിയാണെന്നും പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മേയർ ആര്യ രാജേന്ദ്രൻ.
ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന കൗൺസിലർമാരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ ജൂലൈയിൽ കണ്ടെത്തിയ തട്ടിപ്പുകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതുസംബന്ധിച്ച് കൗൺസിൽ പ്രത്യേകം ചർച്ച ചെയ്തതതുമാണ്. അഴിമതിക്കാരെ ഒരിക്കലും സംരക്ഷിക്കുന്ന നിലപാടല്ല നിലവിലെ ഭരണസമിതി സ്വീകരിച്ചത്. തട്ടിപ്പുകളെ സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കുകയാണ്. റിപ്പോർട്ടിനെ സംബന്ധിച്ച് പ്രത്യേക കൗൺസിൽ വിളിക്കാനും തയാറാണെന്നും മേയർ അറിയിച്ചു.
പൊതു, പട്ടികജാതി വിഭാഗങ്ങളിലെ സ്ത്രീകളുടെ ഗ്രൂപ്പുകൾക്ക് (ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ) ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ നൽകുന്ന പദ്ധതിയിൽ വ്യാജരേഖകളിലൂടെ 5.6 കോടി തട്ടി, സ്കൂൾ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള എസ്.എം.എസ് പദ്ധതി നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് നൽകിയതുവഴി നഗരസഭക്ക് 67.70 ലക്ഷം രൂപ നഷ്ടമുണ്ടായി, സ്കൂളുകളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചതിൽ 41.85 ലക്ഷത്തിന്റെ അഴിമതി തുടങ്ങിയ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.
ഡെപ്യൂട്ടി മേയർ പി.കെ. രാജുവും ഹെൽത്ത് സൂപ്പർവൈസർ ബിജുവും തമ്മിലുണ്ടായ വാക്കുതർക്കവും തുടർന്ന് ബിജുവിന്റെ സസ്പെൻഷനും കൗൺസിലിൽ ചർച്ചയായി. ഡെപ്യൂട്ടി മേയറെ അധിക്ഷേപിച്ച ബിജുവിനെ സസ്പെന്ഡ് ചെയ്ത മേയറുടെ നടപടിയെ എൽ.ഡി.എഫ് ബി.ജെ.പി കൗൺസിലർമാർ അനുകൂലിച്ചപ്പോൾ യു.ഡി.എഫ് നടപടിയിൽ വിയോജിച്ചു.
ഡെപ്യൂട്ടി മേയറുടെ ഭാഗത്തുനിന്നാണ് ആദ്യം ബിജുവിനെതിരെ മോശം പരാമർശം ഉണ്ടായതെന്നും അധികാരത്തിന്റെ കസേര ആരെയും തെറിവിളിക്കാനുള്ള അവസരമായി കാണരുതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പത്മകുമാർ പറഞ്ഞു.
എന്നാൽ കൗൺസിലർമാരെ നോക്കുകുത്തിയാക്കി ചില ഉദ്യോഗസ്ഥർ ഭരിക്കുന്ന സ്ഥിതിയാണെന്നും ജനപ്രതിനിധികളെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിവേണമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ബി.ജെ.പി കൗൺസിലർ തിരുമല അനിലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.