മംഗലപുരം: അർധരാത്രിയിൽ ഡ്യൂട്ടിയിലായിരുന്ന റെയിൽവേ സ്റ്റേഷൻ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപിച്ച് മാല കവർന്നു. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പോയിൻറ്സ് മാനായ ജലജകുമാരി(45)യെയാണ് ആക്രമിച്ച് സ്വർണം കവർന്നത്. ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. ഈ സമയം കടന്നുപോയ ഗുരുവായൂർ എക്സ്പ്രസിന് ഫ്ളാഗ് കാണിക്കുന്നതിനിടെയായിരുന്നു ആക്രമണം. റെയിൽവേ സ്റ്റേഷന് എതിർവശത്തുനിന്ന് ട്രെയിനിന് കൊടി കാണിക്കുന്നതിനിടയിൽ പിന്നിലൂടെ വന്ന അക്രമി വെട്ടുകത്തി വീശി കഴുത്തിലെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
തടഞ്ഞ ജലജകുമാരിയെ വെട്ടുകയും പ്ലാറ്റ്ഫോമിൽ നിന്നും പാളത്തിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താനും ശ്രമിച്ചു. റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞുവീണ യുവതി ചാടി എഴുന്നേൽക്കുന്നതിനിടയിൽ മോഷ്ടാവ് ഇരുളിലേക്ക് രക്ഷപ്പെടുകയായിരുന്നു. പൊട്ടിയ മാലയുടെ ചെറിയൊരുഭാഗം സംഭവസ്ഥലത്തുനിന്ന് കിട്ടി. ട്രാക്കിലേക്ക് വീണ യുവതിയുടെ കൈ ഒടിയുകയും പാലത്തിൽ ഇടിച്ച് തലക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇവരെ പേട്ട റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിൻ കടന്നുപോകുന്ന സമയത്തായതിനാൽ എതിർ വശത്തുനിന്ന സ്റ്റേഷൻ മാസ്റ്ററും സംഭവം കണ്ടില്ല. ഇവിടെ മുമ്പും ഇത്തരത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടായതിനെ തുടർന്ന് സ്റ്റേഷൻ പരിസരത്ത് ഉൾപ്പെടെ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. മംഗലപുരം പൊലീസും ആർ.പി.എഫും കേസ് രജിസ്റ്റർ ചെയ്ത് അേന്വഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.