തിരുവനന്തപുരം: വേനൽ മഴ ഒന്ന് ശക്തമായി പെയ്തപ്പോഴേക്കും തിരുവനന്തപുരം നഗരം വെള്ളത്തിലായി. വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ മഴയിലാണ് നഗരത്തിലെ പല പ്രധാന ഇടങ്ങളും വെള്ളത്തിലായത്. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമടക്കം താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളക്കെട്ട് പൊതുജനങ്ങളെയും യാത്രക്കാരെയും ഏറെ വലച്ചു. എസ്.എസ് കോവിൽ റോഡ് മുതൽ ഹൗസിങ് ബോർഡ് ജങ്ഷഷൻ വരെ റോഡ് കവിഞ്ഞ് ഇരുവശത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പലയിടത്തും ഉച്ചക്കുശേഷമുള്ള വ്യാപാരം തടസ്സപ്പെട്ടു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സം നേരിട്ടു.
മഴ തോർന്നിട്ടും കടകളിലും മറ്റും കയറിയ വെള്ളം ഇറങ്ങിപ്പോകാൻ പിന്നെയും ഏറെ സമയം വേണ്ടി വന്നു. നവീകരണത്തിന്റെ ഭാഗമായി പണിത ഓടകളിലൂടെ വെള്ളം കൃത്യമായി പോകുന്നില്ലെന്ന പരാതികളാണ് പല വ്യാപാരികളും പങ്കുെവച്ചത്. മാത്രമല്ല നഗരത്തിൽ പലയിടത്തും ഇന്റർലോക്ക് ചെയ്ത നടപ്പാതകൾ പൊളിഞ്ഞ് ആഴമുള്ള കുഴികൾ രൂപപ്പെട്ടത് അപകടഭീഷണിയുയർത്തുന്നു.
മഴയിൽ സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള റോഡ് പണിയും ഏതാണ്ട് നിലച്ചു. സ്മാർട്ട് റോഡിന്റെ ഭാഗമായി എടുത്തിട്ട വലിയ കുഴികളെല്ലാം മഴവെള്ളം കൊണ്ട് നിറഞ്ഞു. മുന്നറിയിപ്പ് വേലികളുണ്ടെങ്കിൽപോലും ചെറിയൊരു അശ്രദ്ധ വൻ അപകടം വിളിച്ചുവരുത്തും. തൈക്കാട്, വഴുതക്കാട്, ജനറൽ ആശുപത്രി റോഡുകളിലാണ് പ്രധാനമായും സ്മാർട്ട് റോഡ് പണികൾ പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ മഴ കനത്താൽ പണി സ്കൂൾ തുറക്കുമ്പോഴേക്ക് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ല. അത് നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ തീവ്രത കൂട്ടും. ജില്ലയുടെ മലയോരമേഖലയിലും കനത്ത മഴയാണ് പെയ്തത്. വരുംദിവസങ്ങളിൽ ജില്ലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥവകുപ്പിന്റേതായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.