പേയാട്: 2022ൽ ജില്ലയിലെ മികച്ച വില്ലേജ് ഓഫിസിനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് നേടിയ വിളപ്പിൽ വില്ലേജ് ഓഫിസ് പ്രവര്‍ത്തനം അവതാളത്തില്‍. നാല് മാസത്തിലേറെയായി ഇവിടെ വില്ലേജ് ഓഫിസറില്ലാത്തതാണ് പ്രവർത്തനം അവതാളത്തിലാക്കിയത്.
വില്ലേജ് ഓഫിസറുടെ ചുമതല വില്ലേജ് അസിസ്റ്റന്റിനാണ്. അതിനാൽ വില്ലേജ് ഓഫിസില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും പോക്കുവരവിനും എത്തുന്നവര്‍ വലയുന്നു. വിവിധയിടങ്ങളിലെത്തി വസ്തുവിന്റെ വെരിഫിക്കേഷൻ നടത്തുന്നത് ഈ ഓഫിസിലെ തൂപ്പുകാരിയാണ്.
റവന്യൂ മാർഗരേഖ പ്രകാരം രാവിലെ 9.30 മുതൽ 11 വരെ മാത്രമേ ഈ കണ്ടിൻജന്റ് ജീവനക്കാരിക്ക് ഓഫിസിൽ ജോലി ചെയ്യാൻ അനുമതിയുള്ളൂ. അവരുടെ ചുമതലയിൽ വരാത്ത ജോലിയുടെ അധികഭാരവും അധികസമയവും തൂപ്പുകാരിക്ക് വന്നുചേർന്നിരിക്കുകയാണ്.
നേരത്തേയുണ്ടായിരുന്ന വില്ലേജ് ഓഫിസർ പ്രമോഷൻ കിട്ടി പോയശേഷം വന്ന വനിത വില്ലേജ് ഓഫിസർക്കെതിരെ വ്യാപകമായ പരാതി ഉയർന്നതിനെതുടർന്ന് സ്ഥലം മാറ്റിയിരുന്നു.
വിഴിഞ്ഞം-മംഗലപുരം റിങ്റോഡിനുവേണ്ടി ഭൂമിയേറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങൾ പ്രദേശത്ത് നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റ് വില്ലേജ് ഓഫിസിെനക്കാൾ കൂടുതൽ അപേക്ഷകളും പരാതികളും ഈ ഓഫിസിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്.
റോഡ് വരുന്നതുമായി ബന്ധപ്പെട്ട് നിരധിപേർ ഭൂമി സംബന്ധിച്ച് വിവരങ്ങൾക്കായി ഇവിടെയെത്തുന്നു. അവർ നൽകുന്ന അപേക്ഷ പരിശോധിക്കുന്നതിനും വസ്തുവിന്റെ കൈവശ വിവരങ്ങൾ ബോധ്യപ്പെടുത്താനും ഉത്തരവാദപ്പെട്ട അധികാരിയില്ല. വരുമാനം, ജാതി തുടങ്ങി വിവിധ സർട്ടിഫിക്കറ്റുകൾ അക്ഷയ കേന്ദ്രം വഴി രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും വില്ലേജ് ഓഫിസർ ഇല്ലാത്തതിനാൽ അപേക്ഷകന് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.