തിരുവനന്തപുരം/ നെയ്യാറ്റിൻകര: തലസ്ഥാനജില്ലയെയും ആശങ്കയിലാഴ്ത്തിയിരിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചുപേർ ചികിത്സയിൽ. രോഗം ബാധിച്ച് ജൂലൈ 23ന് മരിച്ച അതിയന്നൂർ മരുതംകോട് കണ്ണറവിള അനുലാൽ ഭവനിൽ പ്രഭാകരൻ-സുനിത ദമ്പതികളുടെ മകൻ അഖിലിന്റെ (27) സഹോദരനും (22) മൂന്നു സുഹൃത്തുക്കളും (22,24,26) പേരൂർക്കട മണ്ണാമൂല സ്വദേശിയായ 39കാരനുമാണ് നിലവിൽ ചികിത്സയിലുള്ളത്.
39കാരന്റെ നില അതിഗുരുതരമാണ്. മറ്റു നാലുപേരിൽ ഒരാൾ സാധാരണ നിലയിലായി. ഇയാളെ ഐ.സി.യുവിൽനിന്ന് മാറ്റി. ബാക്കിയുള്ള മൂന്നുപേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതിഗുരുതരാവസ്ഥയിലുള്ള പേരൂർക്കട മണ്ണാമൂല സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല.
കഠിനമായ പനിയും തലവേദനയുമായി കഴിഞ്ഞമാസം 21നാണ് അഖിലിനെ മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചത്. രോഗനിർണയം പുരോഗമിക്കുന്നതിനിടെ 23ന് മരിച്ചു. മരിച്ച അഖിലും ചികിത്സയിലുള്ള നാലുപേരും നെല്ലിമൂട് കാവിൻകുളത്ത് കുളിച്ചവരാണ്. ഈ കുളത്തിൽനിന്ന് രോഗം പകർന്നെന്നായിരുന്നു സംശയം. ഈ കുളം പഞ്ചായത്ത് അധികൃതർ വലകെട്ടി അടച്ചു. വെള്ളം പരിശോധനക്കും അയച്ചു. എന്നാൽ, തിങ്കളാഴ്ച ഫലം വന്നപ്പോൾ വെള്ളത്തിൽ രോഗാണു സാന്നിധ്യം കണ്ടെത്താനായില്ല. ഫലം നെഗറ്റിവായതോടെ ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) സ്ഥിരീകരിച്ച സാഹചര്യത്തില്‍ പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണമെന്ന് ആരോഗ്യവകുപ്പ്. മലിനമായ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ഇത്തരം കുളങ്ങളില്‍ കുളിക്കുന്നവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അതു പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.
അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖ അടുത്തിടെ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയിരുന്നു.
ഈ മാര്‍ഗരേഖ അനുസരിച്ചായിരിക്കും ചികിത്സ. വയനാട് ഉരുള്‍പൊട്ടല്‍, അമീബിക് മസ്തിഷ്ക ജ്വരം എന്നിവയുടെ സാഹചര്യത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. തിരുവനന്തപുരത്ത് മരണമടഞ്ഞയാള്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിന് പുറമേ, മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സ പാടില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ. രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ആ വിവരം ഡോക്ടറെ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.