തിരുവനന്തപുരം: പകർച്ചവ്യാധികൾ ഒന്നിനുപിറകെ മറ്റൊന്നായി കേരളത്തിൽ തലപൊക്കിയതോടെ പഠിക്കാൻ ഐ.സി.എം.ആർ സംഘം എത്തുന്നു. 27ന് കേരളത്തിലെത്തുന്ന സംഘം ആരോഗ്യവകുപ്പിലെ ഉന്നതരുമായി കൂടിക്കാഴ്ചനടത്തും. 22ന് എത്തുമെന്ന് ആദ്യം അറിയിച്ചുരുന്നെങ്കിലും ചില അസൗകര്യങ്ങൾ കാരണമാണ് നീട്ടിയത്. ഐ.സി.എം.ആറിലെ ശാസ്ത്രഞ്ജനായ ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
യോഗശേഷം പഠനം സംബന്ധിച്ച നടപടികളിലേക്ക് കടക്കും. നിപ, കുരങ്ങുപനി, ചെള്ളുപനി, വെസ്റ്റ്നൈൽ വൈറസ്, എച്ച് വൺ എൻ വൺ, ഡെങ്കി, എലിപ്പനി തുടങ്ങി പകർച്ചാരോഗങ്ങൾ പിടിമുറിക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ അമീബിക് മസ്തിഷ്കജ്വരം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വടക്കൻ ജില്ലകളിലൊതുങ്ങി നിന്ന രോഗം ഇപ്പോൾ തലസ്ഥാന ജില്ലയിലും വ്യാപകമാകുന്നു. കുട്ടികളിൽ ആദ്യം കണ്ടുതുടങ്ങിയ രോഗം ഇപ്പോൾ മുതിർന്നവരിലേക്ക് വ്യാപിക്കുകയാണ്.
ഇതിന്റെ അടിസ്ഥനത്തിലാണ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ പഠനം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയത്. തുടർന്നാണ് ഐ.സി.എം.ആർ പ്രത്യേക സംഘത്തെ അയക്കുന്നത്. കേരളത്തിലെത്തുന്ന സംഘം ആദ്യം ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ബന്ധപ്പെട്ട ഡോക്ടർമാരുമായി യോഗം ചേർന്ന് രോഗബാധിതരായവരുടെ വിശദമായ മെഡിക്കൽ റിപ്പോർട്ടുകൾ വിശകലനം ചെയ്യും.
തുടർന്നാകും ഏതൊക്കെ മേഖലകളിൽ പരിശോധന വേണമെന്ന് തീരുമാനിക്കുക. സംസ്ഥാനത്ത് ഇതുവരെ 16 പേർക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. കുട്ടികളിൽ മാത്രം കണ്ടുവരുന്ന രോഗം മുതിർന്നവരിൽ റിപ്പോർട്ട് ചെയ്തതും ഉറവിടം വ്യക്തമല്ലാതെ തുടരുന്നതും തലസ്ഥാനത്താണ്.
പേരൂർക്കട മണ്ണാമൂല സ്വദേശി നിജിത്തിന് (39) വൈറസ് ബാധയുണ്ടായതെങ്ങനെയെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. ഇയാളുൾപ്പെടെ ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ ഫലം നെഗറ്റീവാണെങ്കിലും ലക്ഷണങ്ങളുള്ളതിനാൽ ചികിത്സ നൽകുകയാണ്. എല്ലാവരും ആശുപത്രിയിലാണ്. പേരൂർക്കട സ്വദേശിയും ഒടുവിൽ രോഗം കണ്ടെത്തിയ നാവായിക്കുളം സ്വദേശിയും ഒഴികെ മറ്റെല്ലാവരും നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് സ്വദേശികളാണ്.
നാവായിക്കുളത്തെ യുവതിക്ക് രോഗം ബാധിച്ചത് പുളിയർത്തോട്ടിൽ കുളിച്ചതിലൂടെയാണെന്ന് വ്യക്തമായിരുന്നു. മരുതംകോട് സ്വദേശികൾക്ക് പ്രദേശത്തെ കാവിൻകുളത്തിൽ നിന്നാണ് രോഗബാധയെന്നും കണ്ടെത്തിയിരുന്നു. ലക്ഷണങ്ങളുള്ള രണ്ടുപേരും കാവിൻകുളത്തിൽ കുളിച്ചിരുന്നു. ഇതിനൊപ്പം മറ്റ് പകർച്ചാരോഗങ്ങളും ഐ.സി.എം.ആർ സംഘം വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.