തിരുവനന്തപുരം: കഞ്ചാവ് പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവിന്‍റെ ആക്രമണത്തിൽ സി.ഐ അടക്കം നാല് എക്സൈസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്. നെടുമങ്ങാട് സർക്കിൾ ഓഫീസിലെ സി.ഐ സ്വരൂപ്, പ്രിവൻറീവ് ഓഫീസർ അനിൽകുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷജീർ, നജിമുദ്ദീൻ എന്നിവർക്കാണ് തലക്കും വാരിയെല്ലിനും പരിക്കേറ്റത്.
സ്വരൂപിനെയും അനിൽകുമാറിനെയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും മറ്റ് രണ്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ആര്യനാട് കുളപ്പട സ്വദേശി സുബീഷിനെ (22) അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് കഞ്ചാവ് പൊതികൾ പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 7.30ഓടെ ആര്യനാട് കുളപ്പട കൃഷിഭവന് മുന്നിലായിരുന്നു സംഭവം.
സുബീഷിനെയും സുഹൃത്തിനെയും ബൈക്കിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് സി.ഐ സ്വരൂപിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വാഹനം നിറുത്തി. എക്സൈസ് സംഘത്തെ കണ്ടതും സുഹൃത്ത് ഓടിരക്ഷപ്പെട്ടു. സുബീഷിനെ പിന്തുടർന്ന് പിടികൂടിയതോടെ ഇയാൾ കൈയിൽ സൂക്ഷിച്ചിരുന്ന മൂർച്ചയേറിയ ആയുധമുപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റിട്ടും സുബീഷിനെ വിട്ടില്ല.
അതിസാഹസികമായി ഇയാളെ കീഴടക്കുകയും കഞ്ചാവ് ബൈക്കിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായ സുബീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥർ അപകടനില തരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.