തിരുവനന്തപുരം: ചെക്പോസ്റ്റിലൂടെ പരിശോധനയില്ലാതെ അനധികൃതമായി സാധനങ്ങൾ കടത്തുന്നതിന് കൈക്കൂലിയായി പണത്തിനു പുറമെ കോഴികളും. തമിഴ്നാട്ടിൽനിന്നുള്ള അതിർത്തിയായ പാറശ്ശാലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ‘ഒത്തുകളി’ കണ്ടുപിടിച്ചത്.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇറച്ചിക്കായി എത്തിക്കുന്ന മൃഗങ്ങളെയും കോഴികളെയും പരിശോധിക്കാതെ കടത്തിവിടുന്നെന്ന് പരിശോധനയിൽ വ്യക്തമായി.
വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുമ്പോൾ മൃഗസംരക്ഷണ വകുപ്പിലെ ഒരു ഡോക്ടറും രണ്ടു ജീവനക്കാരുമാണുണ്ടായിരുന്നത്.
കൈവശമുള്ള പണം രേഖപ്പെടുത്തേണ്ട രജിസ്റ്ററിൽ 520 രൂപയെന്നാണ് ഡോക്ടർ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, പരിശോധനയിൽ 5,000ത്തിലധികം രൂപ കണ്ടെടുത്തു. നോട്ടുകൾ പലതും ചുരുട്ടിയ അവസ്ഥയിലായിരുന്നു.
ഇവ കൈക്കൂലിയായി വാങ്ങിയതാണെന്ന നിഗമനത്തിലാണ് വിജിലൻസ്. ഓഫിസ് മുറിയിൽ സൂക്ഷിച്ചിരുന്ന കാർഡ്ബോർഡിൽ രണ്ട് ഇറച്ചിക്കോഴികളേയും കണ്ടെടുത്തു. കോഴികളെ കൊണ്ടുപോകാനാണെന്ന് സംശയിക്കുന്ന സംവിധാനവും ഡോക്ടറുടെ കാറിലുണ്ടായിരുന്നു.
എന്നാൽ, പരിശോധനക്കായാണ് കോഴികളെ സൂക്ഷിച്ചിരുന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ വിശദീകരണം. വിജിലൻസ് സംഘം ഇതു മുഖവിലയ്ക്ക് എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.