കി​ളി​മാ​നൂ​രി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്

'ഓണംകേറാമൂല'യായി കിളിമാനൂരിലെ കുട്ടികളുടെ പാർക്ക്: നഷ്ടമായത് 10 ലക്ഷം

കിളിമാനൂർ: കുട്ടികളുടെ മാനസിക- ശാരീരികോല്ലാസങ്ങൾ ലക്ഷ്യമിട്ട് നിർമാണം പൂർത്തീകരിച്ച് ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത പഴയകുന്നുമ്മൽ പഞ്ചായത്തിലെ കുട്ടികളുടെ പാർക്ക് 'ഓണം കേറാമൂല'യായി മാറി.

ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പോലും പാർക്ക് പൊതുജനത്തിന് ഉപയോഗപ്രദമാക്കാൻ പഞ്ചായത്തിന് കഴിയാതെ പോയതോടെ ഖജനാവിൽനിന്നും നഷ്ടമായത് 10 ലക്ഷമാണ്. കാടുകയറി ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും സാമൂഹികവിരുദ്ധരുടെയുമൊക്കെ താവളമായ ഇവിടം അക്ഷരാർഥത്തിൽ 'പ്രേതാ'ലയത്തിന് തുല്യമായെന്ന് നാട്ടുകാർ.

പഴയകുന്നുമ്മൽ പഞ്ചായത്തിൽ ബസ് സ്റ്റാൻഡിനോട് ചേർന്നാണ് ഭരണസമിതി 2014-15 സാമ്പത്തിക വർഷം ചിൽഡ്രൻസ് പാർക്ക് നിർമിച്ചത്. ലോകബാങ്ക് ഫണ്ടിൽനിന്നും 10 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പാർക്ക് 2016 നവംബറിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് ഡി. സിന്ധുവാണ് ഉദ്ഘാടനം ചെയ്തത്. മേഖലയിൽ കുട്ടികൾക്ക് കളിക്കളം ഇല്ലെന്ന പരാതിയെ തുടർന്നാണ് നൂതന പദ്ധതിക്ക് തുടക്കമിട്ടത്.

ചുറ്റുമതിൽ, കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഇരിപ്പിടങ്ങൾ, 100 മീറ്റർ ഇൻറർലോക്ക് ചെയ്ത നടപ്പാത, വായനമുറി, വിശ്രമകേന്ദ്രം, ഒരു ടീ ഷോപ്, കുട്ടികൾക്കായി ഏഴോളം കളിക്കോപ്പുകൾ എന്നിവയാണ് പാർക്കിൽ നിർമിച്ചത്.

പ്രവർത്തിച്ചത് മാസങ്ങൾ മാത്രം

ഏതാനും മാസങ്ങൾ മാത്രമാണ് പാർക്ക് പ്രവർത്തിച്ചത്. പിന്നീട് പൂട്ടുവീണു. ഇപ്പോൾ കാടുകയറി ഇഴജന്തുക്കളുടെ താവളമായി. ആരും തിരിഞ്ഞു നോക്കാതായി. പലയിടത്തായി സ്ഥാപിച്ചിരുന്ന കളിയുപകരണങ്ങൾ ഉപയോഗിക്കാതെ തുരുമ്പെടുത്തും മഴനനഞ്ഞും നശിച്ചു. ഇടയ്ക്ക് യാത്രക്കാരിൽ നിന്നും പൊതുപ്രവർത്തകരിൽനിന്നും പരാതിയുണ്ടാവുമ്പോൾമാത്രം കാട് വെട്ടിത്തെളിക്കും. പിന്നീട് വീണ്ടും കാടുകയറും.

നാശത്തിന് കാരണം സെക്യൂരിറ്റിയുടെ അഭാവവും

ലക്ഷങ്ങൾ മുടക്കി നിർമിച്ച പാർക്ക് പ്രവർത്തിപ്പിക്കാനായി ജീവനക്കാരനെ നിയമിക്കാൻ പഞ്ചായത്ത് തയാറാകാഞ്ഞതാണ് പാർക്കിനെ നാശത്തിലേക്ക് നയിച്ച പ്രധാന കാരണം. ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ടോയ്ലെറ്റും വാഹന പാർക്കിങ് കരാറെടുത്തിരുന്നയാൾ ആദ്യ സമയത്ത് പാർക്കിലെ ശുചീകരണം തികച്ചും സൗജന്യമായി ചെയ്തിരുന്നു. എന്നാൽ, പിന്നീട് ശൗചാലയങ്ങളും പാർക്കിങ് പിരിവും കുടുംബശ്രീയെ ഏൽപിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.

വഴിയില്ലാത്തതും 'വില്ലൻ'

തിരക്കേറിയ ബസ് സ്റ്റാൻഡിന് അകത്തുകൂടി മാത്രമേ പാർക്കിലേക്ക് പോകാൻ വഴിയുള്ളൂ. വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതു മൂലം കുട്ടികളുമായി വൈകുന്നേരങ്ങളിൽ എത്താൻ രക്ഷിതാക്കൾ തയാറാകുന്നില്ല.

ബസ് സ്റ്റാൻഡിന് സമീപത്തുകൂടി പാർക്കിലേക്ക് വഴിയൊരുക്കാൻ സ്ഥലം ഉണ്ടെങ്കിലും പഞ്ചായത്ത് ഇനിയും തയാറായിട്ടില്ല. അതേസമയം, ഓണമെത്തുന്നതോടെ പാർക്ക് വീണ്ടും 'കോടിയുടുക്കു'മെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Tags:    
News Summary - children's park in kilimanur, lost one lack rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.