തിരുവനന്തപുരം: സാമ്രാജ്യത്വത്തിനെതിരെ ശരിയായ നിലപാട് സ്വീകരിക്കാൻ ചൈനക്കാവുന്നില്ലെന്ന നിലപാടിൽ തന്നെയാണ് സി.പി.എം ഇപ്പോഴുമെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയൻ. കോഴിക്കോട് പാർട്ടി കോൺഗ്രസിൽ ചൈനയുടെ കാര്യത്തിൽ പ്രത്യയശാസ്ത്ര പ്രമേയത്തിൽ ഉൾപ്പെടുത്തിയ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും തിരുവനന്തപുരം ജില്ല സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പിണറായി പറഞ്ഞു.
അമേരിക്കയുടെ മേധാവിത്തം ചോദ്യം ചെയ്യാൻ ചൈനക്ക് മാത്രമേ ആകൂവെന്ന് കോട്ടയം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുതിർന്ന സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള പ്രസ്താവിച്ചിരുന്നു. റഷ്യയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഇടതുപക്ഷത്തിന് മുന്നേറ്റം ഉണ്ടാവുകയാണ്. മുതലാളിത്തത്തിന് എതിരായ അസംതൃപ്തിയിൽനിന്നുണ്ടായ പ്രക്ഷോഭങ്ങൾ കെട്ടടങ്ങാൻ കാരണം ബദൽ കാഴ്ചപ്പാടില്ലാത്തതാണ്.
ബദൽ പരിപാടികളും അത് നടപ്പാക്കാൻ ശക്തമായ സംഘടനാസംവിധാനവും ഉണ്ടെങ്കിലേ മുതലാളിത്ത വ്യവസ്ഥയെ മാറ്റി ബദൽ വ്യവസ്ഥ സ്ഥാപിക്കാനാവൂ. പശ്ചിമ ബംഗാളിൽ കൊൽക്കത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തള്ളി ഇടതുപക്ഷ മുന്നണി മുന്നിൽ വന്നു. ബി.ജെ.പി 48 സീറ്റിൽ രണ്ടാമതായപ്പോൾ സി.പി.എം 68 സീറ്റിലാണ് രണ്ടാമതെത്തിയത്. ഇടതുപക്ഷത്തിന്റെ വോട്ട് ശതമാനം 5.1ൽ നിന്ന് 12 ആയി വർധിച്ചു. ബി.ജെ.പിയുടേത് 29ൽനിന്ന് 9.2 ആയി കുറഞ്ഞു.
ശാന്തിപുർ മണ്ഡലത്തിൽ ഇടതുപക്ഷം പിന്തുണച്ചപ്പോൾ സ്ഥാനാർഥിക്ക് എട്ട് ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാലിപ്പോൾ സി.പി.എം സ്ഥാനാർഥിക്ക് 22 ശതമാനം വോട്ട് ലഭിച്ചു. ത്രിപുരയിലും സി.പി.എം ശക്തമായി പ്രതിരോധിക്കുകയാണെന്നും പിണറായി പറഞ്ഞു.
ഭരണം സി.പി.എമ്മിന്റേത് മാത്രമല്ല എല്ലാ ജനങ്ങളുടേതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന്റെ ദൈനംദിന കാര്യങ്ങളിൽ പാർട്ടി പ്രവർത്തകരും നേതാക്കളും ഇടപെടേണ്ടതില്ലെന്നും സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം, വിവാദമായ മെഗാ തിരുവാതിരയെക്കുറിച്ച് പിണറായി മൗനം പാലിച്ചു.
ഭരണത്തുടർച്ചയിൽ സർക്കാറിന്റെ ഉത്തരവാദിത്തം പാർട്ടിക്കാരോട് മാത്രമല്ല, ജനങ്ങളോടാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ ഉത്തരവാദിത്തം പരിമിതപ്പെടുത്തുന്നത് ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്താനേ സഹായിക്കൂ. സർക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ദൈനംദിന കാര്യങ്ങളിൽ പാർട്ടി പ്രവർത്തകർ ഇടപെടരുത്. നിയമസഭ, കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ നല്ല വിജയം നേടാനായെങ്കിലും ബി.ജെ.പിയുടെ ശക്തി കുറച്ച് കാണരുതെന്നും പിണറായി ഓർമിപ്പിച്ചു.
ഉദ്യോഗസ്ഥർക്കിടയിലും അഴിമതി നിലനിൽക്കുന്നതിന്റെ ഉദാഹരണമാണ് തിരുവനന്തപുരം കോർപറേഷനിലെ പ്ലാൻ ഫണ്ട് തട്ടിപ്പും റവന്യൂ വരുമാനം പിരിച്ചെടുക്കുന്നതിൽ പ്രകടമായ അഴിമതിയുമെന്നും അദ്ദേഹം പറഞ്ഞു.
കെ- റെയിൽ സർക്കാറിന്റെ ഏറ്റവും വലിയ വികസന പദ്ധതിയാണ്. അത് എന്തുവന്നാലും നടപ്പാക്കണം. ഇക്കാര്യത്തിൽ ബി.ജെ.പിയും യു.ഡി.എഫും ജമാഅത്തെ ഇസ്ലാമിയും തെറ്റിദ്ധാരണ പരത്തുകയാണ്. ഇത് മാറ്റണം. ആവശ്യമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കും ഹിന്ദുത്വപ്രത്യയശാസ്ത്രത്തിനും ബദലായി ഇടതുപക്ഷത്തോടൊപ്പം ജനാധിപത്യശക്തികളെ കൂട്ടിച്ചേർത്ത് മുന്നോട്ട് വരുക ഏറെ പ്രധാനമെന്നതാണ് സി.പി.എം നിലപാടെന്ന് പി.ബി അംഗം പിണറായി വിജയൻ. ഓരോ സംസ്ഥാനത്തും ബി.ജെ.പിക്കെതിരെ ഐക്യനിര സൃഷ്ടിക്കുക എന്നതാണ് കരണീയം. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളാത്ത സാഹചര്യം വന്നു. കോൺഗ്രസുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വലിയ തോതിലുള്ള വിശ്വാസക്കുറവ് ജനങ്ങളിലുണ്ടായി. സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
'ഇനിയൊരവസരം കൂടി ബി.ജെ.പിക്ക് ഉണ്ടായാൽ അത് വലിയ വിനാശം ഉണ്ടാക്കും. അതിനാൽ ബി.ജെ.പി പരാജയപ്പെടണമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. ഓരോ സംസ്ഥാനത്തും ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുന്നതിന് പ്രാദേശിക രാഷ്ട്രീയ കക്ഷികളും അവിടെയുള്ള ബി.ജെ.പിയെ എതിർക്കുന്ന മറ്റ് ജനാധിപത്യ കക്ഷികളും കൂടിച്ചേർന്നുകൊണ്ടുള്ള സംവിധാനം ഒരുക്കണം. ഇതിൽ അതിനിർണായക പങ്ക് ഇടതുപക്ഷത്തിന് വഹിക്കാനാവും.
മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന നിലപാട് കൈയൊഴിഞ്ഞ് നമ്മുടെ രാജ്യം ഹിന്ദുരാഷ്ട്രം ആകണം എന്ന വാദമാണ് കോൺഗ്രസിന്റെ പരമോന്നത നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പരസ്യമായി മുന്നോട്ടുവെച്ചത്. കോൺഗ്രസ് ബി.ജെ.പിക്ക് ബദലാവുകയല്ല, ബി ടീമാവുകയാണെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്'- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.