തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട കട്ടമരതൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ചടങ്ങുമായി ബന്ധപ്പെട്ട് ഒരുവിഭാഗം നടത്തിയ പ്രതിഷേധം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
2015 ഒക്ടോബര്‍ മാസം കട്ട് ഓഫ് തീയതിയായി കണക്കാക്കി നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം ലഭിച്ച അപേക്ഷകളും അപ്പീലുകളും വിവിധ തലങ്ങളില്‍ പരിശോധിച്ചാണ് ആര്.ഡി.ഒയുടെ നേതൃത്വത്തിലുള്ള ലൈവ്ലിഹുഡ് ഇംപാക്ട് അസെസ്മെന്റ് കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. വിഴിഞ്ഞം നോര്‍ത്തില്‍ ഭാഗികമായി തൊഴില്‍ നഷ്ടപ്പെടുമെന്ന് കണ്ടെത്തിയ 126 പേര്‍ക്ക് രണ്ടുലക്ഷം രൂപ വീതം 2016ല്‍ വിതരണം ചെയ്തിട്ടുണ്ട്.
ഇതിനുശേഷം പ്രദേശത്തെ ചിപ്പി, കരമടി തൊഴിലാളികള്‍ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുകയും കലക്ടറുടെ നേതൃത്വത്തിലുള്ള എല്‍.ഐ.എ.സി അപ്പീല്‍ കമ്മിറ്റിയുടെ പരിശോധനയിൽ യോഗ്യരല്ലെന്ന് കണ്ടെത്തുകയും ചെയ്തതാണ്.
കഴിഞ്ഞയാഴ്ച തൊഴിലാളികള്‍ ഫിഷറീസ് മന്ത്രിയെ കണ്ട് വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്. ഇതുപരിഗണിച്ച് കലക്ടറും വിസില്‍ എം.ഡിയും സ്ഥലം നേരിട്ട് സന്ദര്‍ശിക്കാന്‍ മന്ത്രി നിർദേശിച്ചിരുന്നു എന്നിരിക്കെ അര്‍ഹരായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനിടയില്‍ ഉണ്ടായ പ്രതിഷേധം അനവസരത്തിലാണ്.
ഇവരുമായി തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ സന്നദ്ധമാണ്. വികസന പദ്ധതികള്‍ക്കായി ജീവിതോപാധികള്‍ നഷ്ടപ്പെടുന്ന എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാറിന്റെ എക്കാലത്തെയും നയമെന്നും വാര്‍ത്തസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട 56 കട്ടമരത്തൊഴിലാളികള്‍ക്കാണ് കോവളം അനിമേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സഹായധനം വിതരണം ചെയ്തത്. വിസില്‍ എം.ഡി ദിവ്യ എസ്. അയ്യര്‍, വാര്‍ഡ് കൗണ്‍സിലര്‍ പനിയടിമ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: വിഴിഞ്ഞം തെക്കുംഭാഗം ജമാഅത്ത് ഭാരവാഹികൾ അവരുടെ ആവശ്യങ്ങൾ നേരത്തേ അറിയിച്ചിരുന്നെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. അവരുടെ ആവശ്യം പഠിക്കാൻ ജില്ല കലക്ടറും വിഴിഞ്ഞം പോർട്ട് അധികൃതർ സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ ഓഫിസിൽ ചർച്ച നടത്താമെന്ന് പറഞ്ഞതാണ്. എന്നാൽ, അവർ പ്രതിഷേധിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. കട്ടമര തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നൽകിയില്ലെന്ന് ആരോപിച്ച് തൊഴിലാളികൾ ഉപരോധം സംഘടിപ്പിച്ചതിനെ തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാൽ പരിഗണിക്കും. ചർച്ചക്ക് ക്ഷണിച്ച് അപേക്ഷകൾ പരിഗണിച്ചത് പ്രകാരം അർഹരായ കട്ടമരത്തൊഴിലാളികൾക്ക് ധനസഹായം നൽകി. കൂടുതൽ പേർ അർഹരെങ്കിൽ പരിശോധിക്കും. സർക്കാറിനു മുന്നിൽ മത്സ്യത്തൊഴിലാളികൾ എന്നേ ഉള്ളൂ. ജാതിയോ മതമോ ഏതെങ്കിലും വിഭാഗമോ എന്ന പരിഗണനയില്ല. സ്ഥലം എം.എൽ.എ ബന്ധപ്പെട്ടിട്ടില്ല. പ്രതിഷേധിക്കുന്നവരുടെ അപേക്ഷകൾ അപ്പീൽ കമ്മിറ്റി പരിശോധിച്ചതാണ്. അവർ പദ്ധതിബാധിത പ്രദേശത്തിന് പുറത്തുള്ളവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.