തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി. അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ അഞ്ചംഗ നിരീക്ഷണ കമ്മിറ്റി രൂപവത്കരിച്ചു. ആറ്റിങ്ങല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തലിനുമായി കമ്മിറ്റികള്‍ രൂപവത്കരിച്ചു. വര്‍ക്കലയില്‍ ആനാട് ജയനും ആറ്റിങ്ങലില്‍ ഇ. ഷംസുദ്ദീനും ചിറയിന്‍കീഴില്‍ കെ.എസ്. ശബരീനാഥനും വാമനപുരത്ത് എന്‍. സുദര്‍ശനനും നെടുമങ്ങാട് രമണി പി. നായരും അരുവിക്കരയില്‍ വിതുര ശശിയും കാട്ടാക്കടയില്‍ എ.ടി. ജോര്‍ജും ചുമതല വഹിക്കും.
വോട്ടര്‍പട്ടികയില്‍ ആസൂത്രിതമായ വ്യാപക വെട്ടിനിരത്തിലിനെതിരെയും അനധികൃതമായി കള്ളവോട്ട് ചേര്‍ക്കലിനെതിരെയും ശക്തമായ പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ചൂണ്ടിക്കാണിച്ച കള്ളവോട്ടുകള്‍ ഒഴിവാക്കി വോട്ടേഴ്സ് ലിസ്റ്റ് ശുദ്ധീകരിക്കാന്‍ അധികാരികള്‍ തയാറാകുന്നില്ല. ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രാഥമിക പരിശോധനയില്‍ ഓരോ ബൂത്തിലും ക്രമാതീതമായ വോട്ടുകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നതും സ്ഥലത്തില്ലാത്തവരെ ഉള്‍പ്പെടുത്തിയിരിക്കുന്നതും കണ്ടെത്തിയത്. ലിസ്റ്റിലെ അപാകതകള്‍ കണ്ടെത്തുന്നതിനായി എല്ലാ ബൂത്തുകളിലും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഭവന സന്ദര്‍ശനം നടത്താന്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ തീരുമാനിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ആറ്റിങ്ങല്‍ പാര്‍ലമെന്റിലെ ഏഴ് അസംബ്ലി നിയോജക മണ്ഡലത്തിലും മുന്നൊരുക്കങ്ങളുടെ ഭാഗമായി നേതൃയോഗങ്ങള്‍ ചേര്‍ന്നു. മൂന്ന് മാസത്തിലേക്കുള്ള കര്‍മപദ്ധതി യോഗത്തില്‍ അവതരിപ്പിച്ചു. അടൂര്‍ പ്രകാശ് എം.പി, ഡി.സി.സി മുന്‍ പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, വര്‍ക്കല കഹാര്‍, കെ.എസ്. ശബരീനാഥന്, ബി.ആര്.എം. ഷെഫീര്‍, ബി.എസ്. അനൂപ്, ആനാട് ജയന്, രമണി പി. നായര്‍, മലയിന്‍കീഴ് വേണുഗോപാല്‍, എ.ടി. ജോര്‍ജ്, എന്‍. സുദര്ശനന്, ഇ. ഷംസുദ്ദീന് തുടങ്ങിയവര്‍ ഏഴ് യോഗങ്ങളിലും നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.