തിരുവനന്തപുരം: അവയവദാനത്തിന്‍റെ പ്രസക്തിയെക്കുറിച്ച് രാജ്യമെമ്പാടും ബോധവത്കരണം നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളായ ബാല്‍ശേഖര്‍ ചിപാന-നമിതാദത്ത ദമ്പതികള്‍ തിരുവനന്തപുരത്ത് എത്തി. സ്വന്തം മകള്‍ക്ക് വൃക്കമാറ്റിവയ്ക്കേണ്ടിവന്നപ്പോള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളാണ് ബോധവത്കരണയജ്ഞത്തിന് ഇവരെ പ്രേരിപ്പിച്ചത്.
അവയവദാന ബോധവത്കരണത്തിനായി 22,500 കിലോമീറ്റര്‍ താണ്ടി 28 സംസ്ഥാനങ്ങളിലെ 131 നഗരങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സന്ദര്‍ശിക്കും. ഡിസംബര്‍ 10ന് ആരംഭിച്ച യാത്ര ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തീകരിക്കും. യാത്രയുടെ ഭാഗമായി ഇവർ തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളജിലെ മൃതസഞ്ജീവനി ഓഫിസ് സന്ദര്‍ശിച്ചു.
പാന്‍ ഇന്ത്യ റോഡ് ട്രിപ്പ് എന്നപേരിലാണ് ഇവർ അവയവദാന ക്യാമ്പയിന്‍ നടത്തുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി കോസ് ട്രാവലേഴ്സ് സോഷ്യല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ പ്രസിഡന്‍റുകൂടിയാണ് ബാല്‍ശേഖര്‍ ചിപാന. ഈ സംഘടനയുടെ സഹകരണത്തോടെയാണ് ദമ്പതികള്‍ അവയവദാന സന്ദേശയാത്ര നടത്തുന്നത്.
സംസ്ഥാന സര്‍ക്കാറിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി നടത്തുന്ന മഹത് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ ബാല്‍ശേഖറും നമിതാദത്തയും മെഡിക്കല്‍ കോളജിലെ ഓഫിസിലെത്തുകയും അതിന്‍റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് ആരായുകയും ചെയ്തു. മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് സംസ്ഥാന സര്‍ക്കാരിന്‍റെ മസ്തിഷ്കമരണാനന്തര അവയവദാന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കും അവയവദാന കാര്‍ഡ് നല്‍കി. മൃതസഞ്ജീവനിയുടെ പ്രോജക്ട് മാനേജര്‍ ശരണ്യ, ട്രാന്‍സ്പ്ലാന്‍റ് കോ ഓര്‍ഡിനേറ്റര്‍ അനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.