തിരുവനന്തപുരം: കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്കായി ജില്ലയില്‍ പ്രത്യേക ചികിത്സാസൗകര്യം ഏര്‍പ്പെടുത്തി. ഏഴുമാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയിലും ഏഴുമാസം മുതല്‍ പ്രസവം വരെ പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ചികിത്സാസൗകര്യമൊരുക്കിയിട്ടുണ്ട്.
അനുബന്ധ രോഗബാധിതരായവര്‍ക്ക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും സൗകര്യമൊരുക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു.കോവിഡ് ബാധിതരല്ലാത്ത ഗര്‍ഭിണികള്‍ക്ക് ജില്ലയില്‍ ലഭ്യമായ മറ്റു സൗകര്യങ്ങള്‍ ഉപയോഗിക്കാം.
കണ്ടെയ്ൻമെൻറ് സോണില്‍ താമസിക്കുന്നവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധന നടത്തിയശേഷമേ ആശുപത്രിയില്‍ പോകാവൂ.
കോവിഡ് സമ്പര്‍ക്കവ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് പ്രത്യേക ശ്രദ്ധ വേണം. ശുചിമുറി സൗകര്യമുള്ള, വായുസഞ്ചാരമുള്ള മുറിയില്‍ കഴിയണം.
വീട്ടിലുള്ള മറ്റുള്ളവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ലഘുവ്യായാമങ്ങള്‍ മുറിക്കുള്ളില്‍ത്തന്നെ ചെയ്യുക. പോഷകസമൃദ്ധമായ ആഹാരം കഴിക്കണം.
ധാരാളം വെള്ളം കുടിക്കണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താവൂ. ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ച ശേഷം അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.