കഴക്കൂട്ടം: തിരുവനന്തപുരം തുമ്പ കുളത്തൂരിൽ വഴിയോര കച്ചവടക്കാരനെ ചന്തയിലെ കരാറുകാരനും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദിച്ചു. വെങ്ങാനൂർ സ്വദേശി ഷാനുവിനാണ് (28) ആറംഗ സംഘത്തിന്റെ മർദനമേറ്റത്. സംഭവത്തിൽ പ്രതികൾക്കെതിരെ തുമ്പ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കുളത്തൂർ ചന്തയിലെ കരാറുകാരനും സി.പി.എം പ്രാദേശിക നേതാവുമായ ശിവപ്രസാദും സംഘവുമാണ് അക്രമിച്ചത്. പിക്-അപ് വാനിൽ വഴിയോര പഴക്കച്ചവടം നടത്തുന്നയാളാണ് ഷാനു.
മാർക്കറ്റിന് പുറത്ത് റോഡരുകിൽ കച്ചവടം ചെയ്തതിനെ തുടർന്ന് നാട്ടുകാരുടെ മുന്നിൽ വെച്ചായിരുന്നു മർദനം. വെള്ളിയാഴ്ച ഉച്ചയോടെ കുളത്തൂർ ജങ്ഷനിൽ കച്ചവടം നടത്തുകയായിരുന്ന ഷാനുവിനെ ശിവപ്രസാദ് അസഭ്യം വിളിച്ചശേഷം പിക്-അപ് വാനിന്റെ താക്കോൽ ഊരിയെടുത്ത് കൊണ്ടുപോയി.
താക്കോൽ ചോദിച്ചപ്പോൾ വീണ്ടും അസഭ്യം പറഞ്ഞു. കച്ചവടം ചെയ്തുകൊണ്ടിരുന്ന ഷാനുവിനെ ശിവപ്രസാദിന്റെ നേതൃത്വത്തിൽ മടങ്ങിയെത്തിയ ആറംഗ സംഘം ക്രൂരമായി മർദിച്ചു. ചുടുകല്ലും താബൂക്ക് കല്ലും കൊണ്ട് ശരീരമാസകലം മർദിച്ചു. കൂടുതൽ ആളുകൾ എത്തിയതോടെ അക്രമി സംഘം സ്ഥലംവിട്ടു. ഗുരുതര പരിക്കേറ്റ ഷാനുവിനെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. നിരവധി കേസുകളിൽ പ്രതിയാണ് ശിവപ്രസാദ്. തുമ്പ പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.