തിരുവനന്തപുരം: കറവവറ്റിയ പശുക്കളെ വനാതിർത്തികളിൽ 'കാട് കടത്തുന്നു'. ഉൾവനങ്ങളിൽനിന്ന് ഇവയെ പിടികൂടാനെത്തുന്ന വന്യമൃഗങ്ങൾ ജനജീവിതത്തിെൻറ സ്വൈരം കെടുത്തുന്നു. കേരളത്തോടുചേർന്ന കർണാടക, തമിഴ്നാട് വനാതിർത്തികളിലാണ് ഇത്തരത്തിൽ കാട് കടത്തൽ വ്യാപകമായത്.
ജനവാസമേഖലകളിൽ ജീവന് ഭീഷണിയായി കടുവയും പുലിയും മറ്റ് വന്യമൃഗങ്ങളും ഇപ്പോൾ കൂട്ടമായി ഇറങ്ങാൻ കാരണം ഇതാണെന്നും വനംവകുപ്പ് പറയുന്നു. ഗോവധം നിയമംമൂലം നിരോധിച്ചതിനാൽ കർണാടകയിലും മറ്റും പശുക്കളെ ചന്തകളിൽ കൊണ്ടുപോയി വിൽപന നടത്തുന്നതും ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും ഇപ്പോഴില്ല.
അതിനാൽ മറ്റ് വഴികളില്ലാതെ ക്ഷീരകർഷകർ വളരെ രഹസ്യമായി രാത്രികാലങ്ങളിലും മറ്റും വാഹനങ്ങളിലെത്തിച്ച് കാട്ടിൽ കയറ്റിവിടുകയാണ്. ബത്തേരി, ബന്ദിപ്പൂർ, കൂടല്ലൂർ മേഖലകളിലാണ് ഇത് വ്യാപകമായിരിക്കുന്നത്. കേരളത്തിെൻറ വനപരിധിയിലല്ലെങ്കിലും പശുവിനെ പിന്തുടർന്ന് വരുന്ന വന്യമൃഗങ്ങൾ കേരളത്തിലെ വനമേഖലകളിലേക്കാണ് വന്നുകയറുന്നത്.
ഇവിടത്തെ ജനവാസമേഖലകളിലാണ് പിന്നീട്, ഇവ താവളമുറപ്പിക്കുക. കറവവറ്റിയതും പ്രസവിക്കാനാകാതെ പ്രായംചെന്നവയും മച്ചിപ്പശുക്കളെയും ഇത്തരത്തിൽ കൊണ്ടുതള്ളുന്നതായാണ് വനംവകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. മറ്റൊന്ന്, ഇത്തരം പശുക്കളുടെ പരിപാലനം കർഷകർക്ക് ഏറെ ബാധ്യത സൃഷ്ടിക്കുകയാണ്. അതിനാലാണ് ഇവയെ എങ്ങനെയും ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യം ഇൗ രീതിയിലേക്ക് തിരിഞ്ഞിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
വനാതിർത്തികളിൽ ഇനി സംഭവിക്കാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണെന്ന് വനംവകുപ്പ് പറയുന്നു. മുമ്പ് ഇത്തരം പശുക്കൾ മൈസൂർ, കോയമ്പത്തൂർ മാർക്കറ്റുകളിലേക്കാണ് പോയിരുന്നത്. കാട്ടിലേക്ക് കയറ്റിവിടുന്ന പശുക്കൾ നാട്ടിലേക്ക് ഇറങ്ങാനുള്ള വഴിതേടുകയാണ് ചെയ്യുക. പിന്നാലെ, ഇവയെ പിടികൂടാൻ കടുവയും പുലിയും മറ്റ് മൃഗങ്ങളും ഉൾവനങ്ങളിൽനിന്ന് പുറത്തേക്കിറങ്ങും. പശുവിനു പിന്നാലെ പായുന്ന ഇവ പശുവിനെ പിടികൂടിയശേഷം തിരിച്ചുപോകാനാകാതെ തൊട്ടടുത്ത ജനവാസമേഖലകളിൽ താവളമുറപ്പിക്കും. അവിടെ വളർത്തുമൃഗങ്ങളെയും പ്രദേശവാസികളെയും ആക്രമിക്കുന്ന അവസ്ഥയാണുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.