വലിയതുറ: കടലിനും കരമൊടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത് ദുരിതാശ്വാസക്യാമ്പുകളില്‍. ദുരിതം പേറുന്ന ക്യാമ്പുകള്‍ തിരിഞ്ഞുനോക്കാതെ അധികൃതര്‍. കടലാക്രണത്തില്‍ വീടുകള്‍ നഷ്ടമായി ദുരിതം പേറി ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നത് നൂറിലധികം കുടുംബങ്ങള്‍. വീടുകള്‍ നഷ്ടമായ സമയത്ത് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചവര്‍ക്ക് തുടക്കത്തില്‍ അധികൃതര്‍ ഭക്ഷണം എത്തിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഭക്ഷണം നല്‍കുന്നതും ആരോഗ്യ പരിശോധനകള്‍ നടത്തുന്നതും നിര്‍ത്തിയതായി പരാതിയുണ്ട്. സിക പോലുളള രോഗങ്ങള്‍ കൊതുകളില്നിന്നാണ് പടരുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിലും ക്യാമ്പുകളില്‍ കൊതുകുനശീകരണം നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. ഭക്ഷണംപോലും കിട്ടാതെ ക്യാമ്പില്‍ കഴിയുന്ന ഇവരുടെ കാര്യങ്ങള്‍ എറെ ദുരിതമാണ്.
ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കുവേണ്ടി അന്നത്തിനുള്ള വക കെണ്ടത്താനായി കടലില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കുടുംബം നോക്കേണ്ട മത്സ്യത്തൊഴിലാളികള്‍. അടിക്കടി കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് കാരണം ഒരു നേരത്തെ ഭക്ഷണത്തിനുള്ള തുക കെണ്ടത്താന്‍ പോലും ഇപ്പോള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. വലിയതുറയില്‍ മാത്രം അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. ഇവിടെ കഴിയുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പലപ്പോഴും ഭക്ഷണങ്ങള്‍ കിട്ടുന്നതു തന്നെ സുമനസ്സുകളുടെ കാരുണ്യത്താലാണ്. മത്സ്യത്തൊഴിലാളികളെയും തീരത്തെയും സംരക്ഷിക്കുമെന്ന് മാറിമാറിവന്ന സര്‍ക്കാറുകള്‍ നടത്തിയ 100ലധികം പ്രഖ്യാപനങ്ങള്‍ അധികൃതര്‍ കടലാസിലൊതുക്കിയതാണ് തങ്ങള്‍ക്ക് ഇപ്പോള്‍ ഇൗ ദുരിതം അനുഭവിക്കേണ്ടിവരുന്നതെന്ന് ക്യാമ്പില്‍ കഴിയുന്നവര്‍ പറയുന്നു.
പൂന്തുറ മുതല്‍ വേളി വരെയുള്ള തീരദേശത്ത് മാത്രം ഇത്തവണ കടലെടുത്തത് 100ലധികം വീടുകളെയാണ്. ഇതില്‍ വീടുകള്‍ നഷ്ടമായ 85 കുടുംബങ്ങളുടെയും കടല്‍ എടുത്ത ഭൂമിക്ക് സ്വന്തമായി പ്രമാണങ്ങളും പട്ടയവും, കൈവശാവകാശവും ഉള്ളവരാണ്. ഇന്നും ഇൗ ഭൂമിയുടെ പേരില്‍ സര്‍ക്കാറിലേക്ക് മുടങ്ങാതെ കരം അടയ്ക്കുന്നവരുമാണിവര്. എന്നാല്‍, കരം അടയ്ക്കുന്ന ഭൂമി ഇന്ന് കടലാെണന്നു മാത്രം. കാലവര്‍ഷം ആരംഭിക്കുന്നതോടെ മഴയും കാറ്റും തിരമാലകളും ചേര്‍ന്ന് തീരത്തുള്ള മറ്റു വീടുകള്‍ കൂടി കടലെടുക്കുമെന്ന ആശങ്കയാണ് പലയിടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.