തിരുവനന്തപുരം: വനംവകുപ്പിൽ ആദിവാസിക്ഷേമ ഫണ്ടുകളിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച് ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വനസംരക്ഷണ സമിതി (വി.എസ്.എസ്) അറിയാതെ തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിക്കാത്ത പരിപാടിയുടെ പേരിൽ വൻതുക എഴുതിയെടുത്തുവെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വിതുര ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ വി.എസ്.എസിൽ നടന്ന സാമ്പത്തിക തിരമറി സംബന്ധിച്ച് ലഭിച്ച പരാതിപ്രകാരം റേഞ്ച് ഓഫിസറോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡി.എഫ്.ഒ കെ.ഐ. പ്രദീപ് കുമാർ പറഞ്ഞു.
വനവും വനഭൂമിയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾക്കുള്ള സർക്കാർ ഫണ്ടുകൾ െചലവിടുന്നത് ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റി (ഇ.ഡി.സി)യും വനംവകുപ്പിന് കീഴിലെ പ്രദേശങ്ങളിൽ വി.എസ്.എസ് വഴിയുമാണ്. അഴിമതിരഹിതമായി ഫണ്ട് കൈകാര്യം ചെയ്യാൻ വനവാസികളെയും വനംവകുപ്പിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് ഈ കമ്മിറ്റികൾ രൂപവത്കരിച്ചിരിക്കുന്നത്.
അതിൽ പ്രസിഡൻറ് ഉൾെപ്പടെ അംഗങ്ങൾ വനവാസികളും സെക്രട്ടറി വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ്. സെക്രട്ടറിയാണ് കമ്മിറ്റി സംബന്ധിച്ച് ഫയലുകൾ തയാറാക്കുന്നതും റിപ്പോർട്ടുകൾ സമർപ്പിക്കുന്നതും. ഇവരാണ് അഴിമതിക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് പരാതി. കണക്കും വിവരങ്ങളും അധികം ഗ്രാഹ്യമില്ലാത്ത വനവാസികളെ ചൂഷണം ചെയ്താണ് ഇവിടെ തട്ടിപ്പുകൾ കൊഴുക്കുന്നത്.
വിതുര ഫോറസ്റ്റ് സെക്ഷൻ പരിധിയിൽ നടന്ന അഴിമതിയാണ് ഇപ്പോൾ വിവാദമായത്. ഇ.ഡി.സിയിലും സ്ഥിതി ഇതുതന്നെ. ഇത്തരത്തിൽ സംസ്ഥാനത്ത് വിവിധ ആദിവാസിമേഖലകളിൽ നിന്നായി വർഷാവർഷം ലക്ഷങ്ങൾ തട്ടുന്നുവെന്നാണ് വിവരം. ഗ്രീൻഗ്രാസ് പ്രോജക്റ്റുമായി ബന്ധപ്പെട്ടുനടന്ന പ്രവർത്തനത്തിൽ െചലവായ തുകയുടെ ഇരട്ടിയിലധികമാണ് ബില്ലിൽ രേഖപ്പെടുത്തിയത്. അതിൽ മുൻ പ്രസിഡൻറിെൻറ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവും ഏറെവിവാദമാണ്.
അന്വേഷണത്തിെൻറ ഭാഗമായി മുൻ പ്രസിഡൻറിെൻറ സ്റ്റേറ്റ്മെൻറ് രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വാഹനവാടക, ബാനർ, ഉച്ചഭക്ഷണം, കുപ്പിവെള്ളം എന്നിങ്ങനെ അച്ചടിക്കാത്ത നോട്ടീസിനായി പോലും തുക എഴുതിയെടുത്തുവെന്നാണ് പരാതി. ഇത്തരം കമ്മിറ്റികളുമായി ബന്ധപ്പെട്ട് വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ചൂഷണത്തിന് ചുക്കാൻ പിടിക്കുന്നതെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.