തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ 64000 ചതുരശ്രയടിയിൽ ഒരുക്കിയ ജർമൻ പന്തലിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
ഇതാദ്യമായാണ് സംസ്ഥാന കലോത്സവത്തിന് ജർമൻ മാതൃകയിലുള്ള പന്തൽ ഒരുക്കിയിട്ടുള്ളത്. ഇടക്ക് തൂണുകളില്ല, വെയിലടിക്കില്ല, തീപിടിക്കില്ല എന്നിവയാണ് പന്തലിന്റെ പ്രത്യേകത. 10000ലേറെ പേർക്കിരുന്ന് പരിപാടികൾ വീക്ഷിക്കാം. 140 അടി വീതിയും 400 അടി നീളവുമാണ് പന്തലിന്.
കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയനായിരുന്നു പന്തൽക്കമ്മിറ്റിയുടെ ചുമതല. സെൻട്രൽ സ്റ്റേഡിയത്തിലെ വൈദ്യുതി ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമവും മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. മന്ത്രി ജി.ആർ. അനിൽ, ആന്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, വി. ശശി എം.എൽ.എ എന്നിവർ പങ്കെടുത്തു.
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്ക് പ്ലാസ്റ്റിക്ക് കുപ്പികളുമായി വരുന്നവരുടെ ശ്രദ്ധക്ക്..നിങ്ങൾ അറസ്റ്റ് ഫീസ് നൽകേണ്ടിവരും. പേടിക്കേണ്ട, ഹരിതചട്ടം കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോർപറേഷൻ പ്ലാസ്റ്റിക് ബോട്ടിലുകളുമായി വരുന്നവരിൽനിന്ന് 10 രൂപ ബോട്ടിൽ അറസ്റ്റ് ഫീസായി വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
വേദികളിൽനിന്ന് തിരികെ പോകുമ്പോൾ ബോട്ടിൽ വലിച്ചെറിയാതെ തങ്ങളുടെ കൈയിലുണ്ടെന്ന് തെളിയിക്കുന്നപക്ഷം ഈ തുക തിരികെ നൽകും.
ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുവെന്ന് നഗരസഭ കൃത്യമായി ഉറപ്പുവരുത്തും.
എല്ല വേദികളിലും അക്കോമഡേഷൻ സെന്ററുകളിലും മാലിന്യം വേർതിരിച്ച് ശേഖരിക്കുന്നതിലേക്കായി ജൈവമാലിന്യ ശേഖരണ ബിന്നും അജൈവമാലിന്യ ശേഖരണ ബിന്നും സ്ഥാപിച്ചിട്ടുണ്ട്.
കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയുള്ള പ്രധാന റോഡും വേദികളിലേക്കും അക്കോമഡേഷൻ സെന്ററുകളിലേക്കും നയിക്കുന്ന റോഡുകളും ശുചീകരണം നടത്തുന്നതിന് രാവിലെ ആറുമുതൽ രാത്രി 12 മണിവരെ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.
ജൈവമാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് അംഗീകൃത ഏജൻസികൾക്ക് ചുമതല നൽകിയിട്ടുണ്ട്.
മലിനജലം പുത്തരിക്കണ്ടത്ത് തന്നെ സംസ്കരിക്കുന്നതിന് മൊബൈൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നഗരസഭ ഒരുക്കിയിട്ടുണ്ട്.
വേദികളിൽനിന്നും അക്കോമഡേഷൻ സെന്ററുകളിൽനിന്നും ദിവസേന രണ്ട് നേരം സാനിട്ടറി പാഡ് ഉൾപ്പെടെയുള്ള ബയോമെഡിക്കൽ മാലിന്യം സൗജന്യമായി ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. 60 താൽക്കാലിക ശൗചാലയങ്ങൾ പുത്തരിക്കണ്ടത്ത് സ്ഥാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കാലമാമാങ്കത്തിന് അനന്തപുരിയിലേക്ക് എത്തുന്ന കലാകാരന്മാരുടെയും കാലാകാരികളുടെയും മനസ്സും വയറും നിറയ്ക്കാൻ ഊട്ടുപുര റെഡി. പുത്തരിക്കണ്ടത്ത് 40,000 ചതുരശ്രയടിയിൽ കൂറ്റൻഭക്ഷണ പന്തലിൽ ഒരേസമയം 20 വരികളിലായി 4000 പേർക്കിരുന്ന് ഭക്ഷണം കഴിക്കാം.
വെള്ളിയാഴ്ച രാവിലെ 10.30ന് മന്ത്രി വി. ശിവൻകുട്ടി പാചകപ്പുരയിൽ പാലുകാച്ചും. തുടർന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ വക പായസവിതരണം ഉണ്ടായിരിക്കും.
തുടർന്ന്, രാത്രി ഭക്ഷണത്തോടെ ഊട്ടുപുര സജീവമാകും. ഊട്ടുപുരയുടെ കലവറ നിറയ്ക്കൽ ചടങ്ങ് വ്യാഴാഴ്ച നടന്നു.
സ്കൂൾ വിദ്യാർഥികൾ നൽകിയ വിഭവ സംഘാടക സമിതി ചെയർമാൻ ജി.ആർ. അനിൽ ഏറ്റുവാങ്ങി. മേയർ ആര്യ രാജേന്ദ്രൻ കലവറ നിറയ്ക്കൽ ചടങ്ങ് നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ കുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഭക്ഷണക്കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
12 ബി. ആർ.സികളിൽനിന്നായി 900 ത്തിലേറെ സ്കൂളുകൾ വിഭവസമാഹരണത്തിൽ പങ്കാളികളായി. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. കുട്ടികൾക്ക് ചൂടുവെള്ളം ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള സംവിധാനവും ഊട്ടുപുരയിലുണ്ട്.
തിരുവനന്തപുരം: 63ാമത് സ്കൂൾ കലോത്സവ നടത്തിപ്പിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് രാഷ്ട്രീയ ഭേദമെന്യേ എല്ലാ ട്രേഡ് യൂനിയനുകളും പിന്തുണ പ്രഖ്യാപിച്ചത്.
കലോത്സവ വേദികളിലേക്ക് സൗജന്യമായി ഓട്ടോ സർവിസ് നടത്താൻ ഒരുക്കമാണെന്ന് വിവിധ ട്രേഡ് യൂനിയനുകൾ അറിയിച്ചു. തൊഴിലാളി സംഘടന പ്രവർത്തകരെ ആദ്യമായി കലോത്സവത്തിന്റെ സംഘാടനത്തിൽ ഭാഗഭാക്കാക്കിയതിനുള്ള നന്ദി എല്ല സംഘടനകളും സർക്കാറിനെ അറിയിച്ചു.
വിവിധ യുവജന സംഘടനകളും യോഗത്തിൽ പങ്കെടുത്തു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ്, കെ.ടി.യു.സി (ബി), പി.എസ്.യു, എച്ച്.എം.എസ്, എൻ.വൈ.സി (എസ്), സേവ യൂണിയൻ, എസ്.ടി.യു, എച്ച്.എം.കെ.പി., ഡി.വൈ.എഫ്.ഐ, കെ.എസ്.യു എന്നീ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്, അഡീഷനൽ ഡയറക്ടർ ആർ.എസ്. ഷിബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.