തിരുവനന്തപുരം: രാത്രിയിൽ അനധികൃതമായി സെപ്റ്റേജ് മാലിന്യം ശേഖരിച്ച് ഓടയിലൊഴുക്കിയ വാഹനം നഗരസഭ അധികൃതർ പിടികൂടി. വെള്ളാർ ഉദയ സ്യൂട്ട് ഹോസ്റ്റലിൽ നിന്ന് അർദ്ധരാത്രിയിൽ ശേഖരിച്ച മാലിന്യം സമീപത്തുള്ള റോഡരികിലെ ഓടയിലേക്ക് ഒഴുക്കുകയായിരുന്നു. ഉദയ സ്കൈ കിച്ചന്റെ പേരിൽ രജിസ്റ്റർ ചെയ്ത സെപ്റ്റേജ് ശേഖരണ വാഹനമാണിത്.
നഗരസഭയുടെ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തതിന്റെ മറവിലാണ് ഇവർ ഏതാനും ദിവസങ്ങളായി ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു.
നഗരസഭ ലൈസൻസുള്ള സെപ്റ്റേജ് വാഹനങ്ങളുടെ ജി.പി.എസ് പരിശോധനയിൽ വാഹനം അനധികൃതമായി സർവിസ് നടത്തുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തി വാഹനം പിടിച്ചെടുക്കുകയായിരുന്നു. നിയമപരമായ നടപടികൾ പൂർത്തിയാക്കി വാഹനം ജില്ല കലക്ടർക്ക് കൈമാറുമെന്നും മറ്റ് നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
നിലവിൽ നഗരസഭ പരിധിക്കുള്ളിൽ സെപ്റ്റേജ് മാലിന്യം ശേഖരിച്ച് മുട്ടത്തറ പ്ലാന്റിലെത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഇതിനായി 36 ടാങ്കറുകൾ സർവിസ് നടത്തുന്നുണ്ട്. സെപ്റ്റേജ് നീക്കം ചെയ്യേണ്ടവർ നഗരസഭയുടെ Smart Trivandrum മൊബൈൽ ആപ്ലിക്കേഷൻ വഴിയോ smarttvm.tmc.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയോ നിശ്ചിത തുക അടച്ച് രജിസ്റ്റർ ചെയ്താൽ അവർ നിർദ്ദേശിക്കുന്ന സമയത്ത് ലൈസൻസോടുകൂടിയ വാഹനം എത്തി മാലിന്യം ശേഖരിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള സഹായത്തിന് 9496434488 എന്ന നമ്പറും നൽകിയിട്ടുണ്ട്.
ഈ വാഹനങ്ങളെല്ലാം ജി.പി.എസ് സംവിധാനംവഴി നഗരസഭയുടെ കോൾ സെന്ററിൽ 24 മണിക്കൂറും നിരീക്ഷിക്കുകയും ചെയ്യും. നഗരത്തിലെ ചില ഹോട്ടലുകളുൾപ്പെടെ പല സ്ഥാപനങ്ങളും മാലിനജലവും സെപ്റ്റേജ് മാലിന്യവും ഓടകളിലേക്ക് തള്ളുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.