പൂവാർ: പള്ളത്തെ അനധികൃത ചന്ത ഉടൻ അടച്ചുപൂട്ടാൻ വീണ്ടും ഹൈകോടതി ഇടപെടൽ. ഇതര സംസ്ഥാന ലോബികളുടെ അധീനതയിലുള്ള പള്ളത്തെ ചന്തയിൽനിന്ന് അടുത്തിടെ രാസവസ്തുക്കൾ കലർന്ന മത്സ്യം പിടികൂടിയിരുന്നു.
നേരത്തേയും അനധികൃത ചന്ത അടച്ചുപൂട്ടാൻ കോടതി ഉത്തരവ് വന്നെങ്കിലും രണ്ടു ദിവസം മാത്രം ചന്ത അടച്ചിട്ട് കരുംകുളം ഗ്രാമപഞ്ചായത്ത് അധികൃതർ കോടതിയെ കബളിപ്പിച്ചതായി ആക്ഷേപമുണ്ട്.
തുടർന്ന് പള്ളം സ്വദേശിയും പൊതുപ്രവർത്തകനുമായ ആൻഡ്രൂസ് നൽകിയ പരാതിയെത്തുടർന്നാണ് വീണ്ടും ഹൈകോടതിയുടെ ഇടപെടൽ. പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ച് അനധികൃതമായി ചന്ത പ്രവർത്തിക്കുന്നുണ്ടെങ്കിൽ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കണമെന്നുമാണ് ഹൈകോടതിയുടെ ഉത്തരവ്. പള്ളത്തിനു സമീപം കടൽത്തീരത്തോട് ചേർന്നുള്ള മത്സ്യ മൊത്തവിപണന കേന്ദ്രത്തിലാണ് ഇതരസംസ്ഥാന മത്സ്യലോബികൾ മീനെത്തിക്കുന്നത്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ദിവസവും നൂറോളം ലോറികൾ ഇവിടേക്ക് മത്സ്യം കൊണ്ടുവരുന്നുണ്ട്. അതിർത്തികളിൽപോലും പരിശോധനയില്ലാതെയാണ് എത്തുന്നത്. റോഡ് മാർഗം ലോറിയിൽ എത്തിക്കുന്ന മത്സ്യങ്ങൾ കേടാകാതിരിക്കാൻ രാസവസ്തുക്കൾ കലർത്തുന്നു. ഇവിടെ ലേലത്തിൽ വിൽക്കുന്ന മീൻ ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ചന്തകളിലും എത്തിച്ച് കച്ചവടം നടത്തും. ഇവിടെ ഉപേക്ഷിക്കുന്ന മാലിന്യം, മലിനജലം എന്നിവയിൽനിന്നുള്ള ദുർഗന്ധം കാരണം നാട്ടുകാരും ബുദ്ധിമുട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.