തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മരുന്നുമാറി കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ എസ്.എ.ടിയിൽ പ്രവേശിപ്പിച്ചിരുന്ന പത്ത് വയസുകാരൻ ആശുപത്രി വിട്ടു. 21 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തിങ്കളാഴ് വൈകീട്ടോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. ദിവസങ്ങളോളം ക്രിട്ടിക്കൽ കെയർ വെന്റിലേറ്ററിലായിരുന്ന ബാലൻ ക്രമേണ സുഖം പ്രാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വാർഡിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യാവസ്ഥ പൂർവസ്ഥിതിയിലെത്തിയ ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.
ആറ് മാസത്തെ പൂർണവിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ തൈക്കാട് ആശുപത്രിയിലെ രണ്ട് നഴ്സുമാർക്കെതിരെ നടപടിയും നഴ്സിങ് സൂപ്രണ്ടിനോട് വിശദീകരണവും ആരോഗ്യവകുപ്പ് ഡയറക്ടർ കൈക്കൊണ്ടു. ഡ്യൂട്ടി നഴ്സിനെ സസ്പെന്ഡ് ചെയ്യുകയും എൻ.എച്ച്.എം നഴ്സിനെ പിരിച്ചുവിടുകയുമാണ് ചെയ്തത്. സംഭവത്തിൽ തുടരന്വേഷണം ഉണ്ടാകുമെന്നും കുറ്റകാരെന്ന് കണ്ടാൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചിരുന്നു. നിലവിൽ തുടരന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്.
കഴിഞ്ഞ 29 നാണ് പനിക്ക് ചികിത്സ തേടി കുട്ടിയെ തൈക്കാട് ആശുപത്രിയിലെത്തിച്ചത്. അന്ന് മരുന്ന് നൽകി മടക്കി. പനിയും ഛർദ്ദിലും മാറാത്തതിനാൽ 30 ന് രാവിലെ ഒ.പിയിൽ ചികിത്സ തേടി. ഒ.പിയിലുണ്ടായിരുന്ന ഡോക്ടർ ഛർദിക്ക് മരുന്നും പനിക്ക് കുത്തിവെപ്പും എഴുതി. ആദ്യം ഒരു നഴ്സ് വന്ന് കുത്തിവെപ്പെടുത്തുപോയി, പിന്നാലെ വന്ന മറ്റൊരു നഴ്സ് വീണ്ടും കുത്തിവെപ്പെടുത്തു. അതിന് ശേഷം കുട്ടിക്ക് നെഞ്ചുവേദന ഉണ്ടായി സ്ഥിതി മോശമായി. ഉടൻതന്നെ ആശുപത്രി ആംബുലൻസ് തന്നെ എസ്.എ.ടി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.