തിരുവനന്തപുരം: കേരള പൊലീസിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയുമായി പൊലീസുകാരന് സ്വന്തം വീടിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുക്കാൻ അവധി നിഷേധിച്ച 'വിവാദ ഉദ്യോഗസ്ഥൻ'.
സംഭവത്തെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ താൻ നൽകിയ വിശദീകരണം ഉത്തരവാദിയായ ഓഫിസർ കമാൻഡറായ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്റെ ഫേസ്ബുക്ക് പേജിലും പങ്കുെവച്ചതാണ് വിവാദമായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എ.ഡി.ജി.പി നിയോഗിച്ച അസി. കമാൻഡന്റ് ഗണേഷ്കുമാറിന് നൽകിയ വിശദീകരണമാണ് തന്റെ ഫേസ്ബുക്ക് പേജിലും കേരള പൊലീസിന്റെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പുകളിലും ഈ ഉദ്യോഗസ്ഥൻ പോസ്റ്റ് ചെയ്തത്. ഇത് അതിഗുരുതരമായ അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. പൊലീസ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നതിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ചട്ടങ്ങൾ നിലനിൽെക്ക അതെല്ലാം കാറ്റിൽപറത്തിയിരിക്കുന്നു.
അതിരഹസ്യസ്വഭാവമുള്ള ഇപ്പോഴും അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്ന വിഷയത്തിലെ മറുപടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് പൊലീസ്, സർവിസ് ചട്ടങ്ങളുടെ ലംഘനവുമാണ്. സ്വന്തം വീടിന്റെ പാലുകാച്ചലിൽ പങ്കെടുക്കാൻ കമാൻഡോ ട്രെയിനിയായ കെ.എ.പി ഒന്നിലെ പൊലീസുകാരന് ലീവ് നൽകാത്ത വിഷയത്തിലുള്ള മെമ്മോക്ക് നൽകിയ മറുപടിയിൽ ക്യാമ്പിലെ കമാൻഡന്റ് പുറപ്പെടുവിച്ച ഉത്തരവ് നമ്പർ ഉൾപ്പടെ നൽകിയാണ് വിശദീകരണം. സ്വന്തം വീടിന്റെ പാലുകാച്ചലിൽ പങ്കെടുക്കാൻ അവധി നിഷേധിക്കപ്പെട്ട പൊലീസുകാരന്റെ പേര് ഉൾെപ്പടെ പരാമർശിച്ചിട്ടുമുണ്ട്. ഇതുമൂലം പൊലീസുകാരനും കടുത്ത മാനസിക സമ്മർദത്തിലാണ്.
തന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയുമുണ്ടായില്ലെന്നാണ് സി.ഐ ചൂണ്ടിക്കാട്ടുന്നത്. പൊലീസുകാരന് വീട്ടിൽ പോകാൻ അനുമതി നൽകിയിരുന്നെന്നും പൊലീസ് ട്രെയിനികൾ കൂട്ടത്തോടെ അവധിക്ക് അപേക്ഷ നൽകിയതുമൂലം ആശയക്കുഴപ്പമുണ്ടായെന്നും സി.ഐ വിശദീകരിക്കുന്നു.
പൊലീസുകാരനെ വീട്ടിൽ പോകാൻ അനുവദിച്ചെന്നും കമാൻഡോ ട്രെയിനികളെ പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടന്ന പരേഡ് ഡ്യൂട്ടികൾക്കായി നിയോഗിച്ചതിലെ അതൃപ്തി മൂലം ഇത് വിവാദമാക്കാൻ കോഴ്സിൽ ഉൾപ്പെട്ട ചിലർ നടത്തിയ ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.