തിരുവനന്തപുരം: നിയമം തെറ്റിച്ച് വാഹനത്തിൽ പാഞ്ഞുപോകാമെന്ന് വ്യാമോഹിക്കുന്നവർ ഇനി സൂക്ഷിക്കുക. കൃത്രിമബുദ്ധിയിലധിഷ്ഠിതമായ കാമറക്കണ്ണുകൾ നിങ്ങളെ പൂട്ടിലാക്കും.
നഗരത്തിലെ തിരക്കേറിയ റോഡുകളായ തമ്പാനൂർ, കിഴക്കേകോട്ട, വെള്ളയമ്പലം, പേട്ട എന്നിവിടങ്ങളിൽ ഇത്തരം കാമറകൾ സജ്ജമായി. വഴിയിൽ പതിയിരുന്ന് പൊലീസുകാർ നടത്തുന്ന 'അപ്രതീക്ഷിത വാഹനപരിശോധന' എന്ന കലാപരിപാടിയും ഇതോടെ അവസാനിക്കും.
രണ്ടുമാസം മുമ്പ് സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് മോട്ടോർ വാഹനവകുപ്പ് കേരളത്തിലെ പ്രധാന ഗതാഗത പാതകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിച്ചത്. വാഹൻ സോഫ്റ്റ്വെയറാണ് ഡാറ്റ വിശകലനത്തിനും സൂക്ഷിപ്പിനായി ഉപയോഗിക്കുന്നത്. വാഹനത്തിന്റെ ഇൻഷുറൻസ്, ടാക്സ് വിവരങ്ങൾ പരിശോധിക്കാൻ കഴിയുന്നതരത്തിലേക്ക് ഭാവിയിൽ ഇവയെ ഉയർത്തും.
ഊർജം പകരുന്നത് സോളാർ പാനലുകളാണ്. അതിനാൽ രാവും പകലും ഒരുപോലെ പ്രവർത്തിക്കും. ജില്ലയിലൊട്ടാകെ 94 ഓളം ക്യാമറകളുണ്ട്. ഭാവിയിൽ എണ്ണം വർധിപ്പിക്കും. തുടക്കത്തിൽ, സമൂഹമാധ്യമങ്ങളിലടക്കം നിരവധി വിമർശനങ്ങൾ ഉയർന്നെങ്കിലും ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന വാദത്തിലൂടെയാണ് സർക്കാർ ഇത് മറികടന്നത്.
225 കോടിയിലധികം മുടക്കി കേരളം മുഴുവൻ സ്ഥാപിച്ച 726 ക്യാമറകളുടെ എണ്ണം 1068 ഉയർന്നിട്ടുണ്ട്. നിയമലംഘനങ്ങൾ ഒപ്പിയെടുത്തു എം.വി.ഡി കൺട്രോൾ റൂമിലേക്ക് അയക്കുന്നതാണ് പ്രവർത്തനരീതി.
സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടയിലുള്ള മൊബൈൽ ഉപയോഗം, അമിതവേഗം, ഇരുചക്രവാഹനത്തിൽ രണ്ടിലധികം പേർ യാത്ര ചെയ്യുന്നത്, അപകടകരമായ ഡ്രൈവിങ്, അനധികൃത പാർക്കിങ് എന്നിവ പകർത്തും.
500 മുതൽ 20,000 രൂപവരെയാണ് വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ. ഡാറ്റകൾ ആറു മാസംവരെ സൂക്ഷിക്കാനാകും.
കിട്ടുന്ന പിഴയുടെ 80 ശതമാനം ക്യാമറ സ്ഥാപിക്കാനായി മുതൽമുടക്കിയ സ്വകാര്യ-പൊതുമേഖല ഏജൻസികൾക്കാണ് നൽകുക. ക്യാമറ, നിരീക്ഷണ വാഹനം, ഇവയുടെ മെയിൻറനൻസ് എന്നിവയുടെ ചുമതലയും സ്വകാര്യ കമ്പനികൾക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.