തിരുവനന്തപുരം: ഗൗരവമേറിയ സെമിനാറുകളും സാംസ്കാരിക പരിപാടികളുടെ മിഴിവും പ്രദർശനമേളകളുടെ സജീവതയുമായി കേരളീയം നാലാം ദിനത്തിലേക്ക്. ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു വെള്ളിയാഴ്ചയിലെ സെമിനാറുകൾ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഐ.ടി മേഖലയുടെ വളർച്ചയും ആരോഗ്യരംഗത്തെ പ്രവണതകളുമടക്കം ഇഴകീറിയായിരുന്നു ചർച്ചകൾ. അഞ്ചിടങ്ങളിലുമായി രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന രീതിയിലാണ് സെമിനാറുകളുടെ ക്രമീകരണം. ദേശീയ- അന്തർദേശീയതലത്തിലുമുള്ള പ്രമുഖരാണ് സെമിനാറുകളിൽ പങ്കെടുക്കുന്നത്. വരുന്ന മൂന്ന് ദിവസങ്ങളിലായി 15 സെമിനാറുകൾകൂടി നടക്കും.
മറുവശത്ത് പാചകവും സിനിമയും പ്രദർശനവുമെല്ലാമായി കേരളീയം ജനപ്രിയമാകുകയാണ്. കേരളീയത്തിന്റെ ഭാഗമായി പത്തു തദ്ദേശീയ കേരളീയ വിഭവങ്ങളാണ് ബ്രാൻഡ് ചെയ്യുന്നത്.
സമുദ്രോൽപന്നങ്ങളും രുചികരമായ മത്സ്യവിഭവങ്ങളും സജ്ജമാക്കിയുള്ള എൽ.എം.എസ് കോമ്പൗണ്ടിലെ കേരളീയം സീ ഫുഡ് ഫെസ്റ്റിവലാണ് ഇതിലൊന്ന്. കാഴ്ചക്കാരെ എതിരേൽക്കാൻ ലേസർ ഷോകൂടി സജ്ജമായതോടെ കേരളീയം കൂടുതൽ ആകർഷകമാകുകയാണ്. പാചകകലയിൽ ശ്രദ്ധേയ സാന്നിധ്യമായ പഴയിടം മോഹനൻ നമ്പൂരിരി സൂര്യകാന്തിയിലെ പാചകപ്പുരയിൽ തത്സമയ പാലട പായസം പാചകം ചെയ്താണ് മേളക്ക് പുതിയ അനുഭവമേകിയത്.
വെർച്വൽ റിയാലിറ്റിയിൽ ഒരുക്കിയ ആറു മിനിറ്റ് മെട്രോ ട്രെയിൻ യാത്ര ടാഗോർ തിയറ്ററിൽ യുവാക്കളെ ആകർഷിക്കുകയാണ്. ടിക്കറ്റെടുക്കൽ മുതൽ ട്രെയിൻ യാത്രവരെ വെർച്വൽ റിയാലിറ്റിയിൽ ഒരുക്കിയിട്ടുണ്ട്.
തലയിൽ വി.ആർ ഹെഡ്സെറ്റും ഇരുകൈകളിൽ കൺട്രോളറുകളുമായാണ് ട്രെയിൻ യാത്ര. വെർച്വൽ റിയാലിറ്റിയുടെ മറ്റൊരു അനുഭവം ഒരുക്കുന്ന ന്യൂസ് സ്റ്റുഡിയോയും പ്രദർശനത്തിലുണ്ട്. കേരളത്തിന്റെ കരുത്തും സൗന്ദര്യവും യുവാക്കളിൽ എത്തിക്കാൻ ആവിഷ്കരിച്ച മൊബൈൽ ഗെയിം ‘കെ- റണി’നും വെള്ളിയാഴ്ച തുടക്കമായി. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ‘ടേസ്റ്റ് ഓഫ് കേരള’ ഭക്ഷ്യമേളയിൽ ശനിയാഴ്ചമുതൽ ആറന്മുള സദ്യ തയാറാണ്.
കേരളീയത്തിന്റെ സാംസ്കാരിക ലക്ഷ്യങ്ങൾകൂടി ഉയർത്തിപ്പിടിക്കുംവിധമാണ് വിവിധ വേദികളിലായി കലാപരിപാടികൾ അരങ്ങേറുന്നത്. തനിമയാർന്ന പാരമ്പര്യ കലാരൂപങ്ങൾക്കുൾപ്പെടെ ഇടം നൽകിയാണ് കലാപരിപാടികളുടെ ക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.