കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോ ഓപറേറ്റിങ് സെന്റർ മാത്രമാകുന്നു. ഭരണ നിർവഹണ സംവിധാനമുൾപ്പെടെയുള്ള കാര്യങ്ങൾ ജില്ലയിലെ നെടുമങ്ങാട്, പാപ്പനംകോട് സെൻട്രൽ വർക്സ്, പാറശ്ശാല എന്നിവിടങ്ങളിൽ മാത്രമായി ചുരുക്കാൻ മാനേജ്മെൻറ് തീരുമാനിച്ചതോടെയാണിത്.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച കാട്ടാക്കട ഓഫിസിലെ സാധനസാമഗ്രികൾ എല്ലാം നെടുമങ്ങാട് കൊണ്ടുപോയി. ഇതനുസരിച്ച് ഒരു ഓഫിസ് സൂപ്രണ്ടും രണ്ട് ക്ലർക്കും മാത്രമാകും ഓഫിസിലുണ്ടാവുക. ഇതോടൊപ്പം മെക്കാനിക്കൽ വിഭാഗത്തിലും പരിഷ്കരണം നടപ്പാക്കുന്നുണ്ട്.
'ഡിസ്ട്രിക്ട് കോമൺ പൂൾ' എന്ന സംവിധാനത്തിൽ സെൻട്രൽ വർക്സ്, പാറശ്ശാല, പേരൂർക്കട എന്നീ സ്ഥലങ്ങളിൽ മാത്രമാകും വലിയ വർക്ഷോപ് പ്രവർത്തിക്കുക. ചെറിയ അറ്റകുറ്റപ്പണികൾ മാത്രമാകും ഇനി കാട്ടാക്കടയിൽ നടത്തുക. ഇതിന് മുന്നോടിയായി 40ലേറെ പേരുണ്ടായിരുന്ന മെക്കാനിക്കൽ ജീവനക്കാരിൽ 12 പേരൊഴിച്ച് ബാക്കിയുള്ളവരെ പാപ്പനംകോട്, പാറശ്ശാല ഡിപ്പോകളിലേക്ക് മാറ്റി. പരിഷ്കാരം നടപ്പാകുമ്പോൾ ഡിപ്പോകളിൽ നിന്നുള്ള സർവിസുകളെയും സേവനങ്ങളെയും ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.
കാട്ടാക്കടക്ക് പുറമെ പാലോട്, വിതുര, ആര്യനാട് ഡിപ്പോകളുടെ ഭരണനിർവഹണവും നെടുമങ്ങാട്ടേക്ക് മാറ്റുന്നുണ്ട്. ജീവനക്കാരുടെ ഓഫിസ് സംബന്ധമായ ആവശ്യങ്ങളെല്ലാം നെടുമങ്ങാട് നോർത്ത് ജില്ല ഓഫിസിൽ നിന്നാകും ഇനി കൈകാര്യം ചെയ്യുക.
നിലവിൽ 50 ഷെഡ്യൂളുകളാണ് കാട്ടാക്കട നിന്ന് നടത്തുന്നത്. 10 ഫാസ്റ്റ്, രണ്ട് സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെ ദീർഘദൂര-സിറ്റി ഷട്ടിൽ സർവിസുകളും ഇതിൽ ഉൾപ്പെടും. കൊല്ലം 'മണ്റോത്തുരുത്ത്' പോലുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് നടത്തുന്ന ബജറ്റ് ടൂറിസം യാത്രകളുമുണ്ട്.
കോവിഡിന് മുമ്പ് 65 ഷെഡ്യൂൾ നടത്തിയിരുന്ന ഡിപ്പോയിൽ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ കുറച്ച് സർവിസുകൾ ഇനിയും പൂർണമായും ഓടിത്തുടങ്ങിയിട്ടില്ല. 2019 ജനുവരിയിൽ ഉണ്ടായിരുന്ന എല്ലാ സർവിസുകളും വീണ്ടും നടത്തണമെന്നാണ് യൂനിറ്റുകൾക്കുള്ള നിർദേശം. എന്നാൽ ഇവ ഓടിക്കാൻ ഇവിടെ ബസില്ല. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന, ലാഭകരമായ സർവിസുകൾ ഉള്ള ഡിപ്പോയാണ് കാട്ടാക്കട എന്ന് മാത്രമല്ല ജില്ലയിൽ ഏറ്റവുമേറെ സ്ഥലസൗകര്യവും കാട്ടാക്കടയിലുണ്ട്.
4.92 ഏക്കർ ഭൂമിയിലാണ് കാട്ടാക്കട ഡിപ്പോ സ്ഥിതിചെയ്യുന്നത്. വലിയ വർക്ഷോപ്പാണ് കാട്ടാക്കടയിലേത്. പുതിയ സംവിധാനം വരുമ്പോൾ ബസുകളുടെ അറ്റകുറ്റപ്പണിക്കായി 'ഡിസ്ട്രിക്ട് കോമൺ പൂൾ' എന്ന നിലയിലുള്ള പാറശ്ശാല ഡിപ്പോയിൽ ബസ് എത്തിക്കണം. പണി പൂർത്തിയാക്കി അടുത്ത ദിവസം മാത്രമേ വണ്ടി കിട്ടൂ. കൂടാതെ 50 കിലോമീറ്ററോളം ഓടേണ്ടിയും വരും. ഇത് സർവിസുകൾ റദ്ദാക്കേണ്ട അവസ്ഥയും നഷ്ടവും ഉണ്ടാക്കുമെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.
പാറശ്ശാലക്ക് പകരം ആറ് ഡിപ്പോകളുടെയും മധ്യഭാഗത്തുള്ള കാട്ടാക്കട ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ഈ നഷ്ടം കുറക്കാമായിരുന്നു.
ബസ് ബേ, വർക്ഷോപ്, ഡീസൽ പമ്പ്, വാണിജ്യസമുച്ചയം, ഓഫിസ് കെട്ടിടം, ശൗചാലയങ്ങൾ, കാന്റീൻ എന്നിവയൊക്കെ ഉൾപ്പെടുന്ന കാട്ടാക്കട ഡിപ്പോയിൽ വർക് ഷോപ്പിന് പിന്നിൽ ഒരേക്കറിലേറെ ഭൂമിയാണ് വർഷങ്ങളായി ഉപയോഗപ്പെടുത്താതെ കിടക്കുന്നത്. കൂടുതൽ വികസനം വേണം എന്ന ആവശ്യം നിലനിൽക്കുമ്പോൾ ഡിപ്പോ ഓപറേറ്റിങ് സെന്റർ മാത്രമായി മാറുന്നതിന്റെ ആശങ്കയിലാണ് കാട്ടാക്കടക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.